സേലത്ത് സ്പിരിറ്റ് വേട്ട; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: സേലത്ത് കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. സേലം ശ്രീനായിക്കാംപെട്ടിയില്‍ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച 10850 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കളിയിക്കാവിള സ്വദേശി കനകരാജ്, സേലം സ്വദേശി അരശ് എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരിക്കുന്നത്.

പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് എന്‍ഫോഴ്‌സും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയുടേതാണ് ഗോഡൗണെന്ന് സൂചന. ഗോഡൗണില്‍ 310 കന്നാസുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്. കേരളത്തിലേയ്ക്ക് സ്പിരിറ്റ് കൊണ്ടുവരുന്നതിനു ഉപയയോഗിക്കുന്ന ഇടത്താവളമാണ് ഈ ഗോഡൗണെന്നാണ് സൂചന. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

കേരളത്തിലേക്ക് കടത്താനായി മധ്യപ്രദേശില്‍ നിന്ന് സേലത്തേക്ക് സ്പിരിറ്റ് എത്തിക്കുകയായിരുന്നു. കേരളത്തില്‍ ആര്‍ക്കാണ് സ്പിരിറ്റ് എത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ പിസി സെന്തിലിന്റെ നേതൃത്യത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.

Top