ശമ്പള പരിഷ്‌കരണം; സ്വകാര്യ ആശുപത്രി നഴ്‌സുമാരുമായുള്ള ചര്‍ച്ച ഇന്ന്

NURSES

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം സംബന്ധിച്ച് സ്വകാര്യ ആശുപത്രി നഴ്‌സുമാരും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച ഇന്ന്.

സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

അടിസ്ഥാന ശമ്പളം ഉയര്‍ത്തിയില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നാണ് നഴ്‌സുമാരുടെ മുന്നറിയിപ്പ്.

2016 ജനുവരി 29നാണ് അടിസ്ഥാന ശമ്പളം സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നാണ് കേരളം നല്‍കിയ മറുപടി. അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന നല്‍കില്ലെന്നാണ് മാനേജ്‌മെന്റുകളും നിലപാടെടുത്തിരുന്നു.

ശമ്പള പരിഷ്‌കരണം അനിശ്ചിതമായി നീണ്ടതിനേത്തുടര്‍ന്ന് 158 ആശുപത്രികളില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞ സാഹചര്യത്തിലാണ് വ്യവസായ ബന്ധ സമിതി ചേരുന്നത്.

Top