ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കാന്‍ ശ്രമം ; മെയ് 12 മുതല്‍ നഴ്‌സുമാര്‍ സമരത്തിലേക്ക്

nurse

കൊച്ചി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ നിലവില്‍ സി.ഐ.ടി.യു. സംഘടനകള്‍ തടസ്സമാണെന്ന് ഐ.എന്‍.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ് ആരോപിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇതിന് വിരുദ്ധമായ നിലപാടാണ് മിനിമം വേജസ് അഡ്വൈസറി ബോര്‍ഡില്‍ നിന്ന് ഉണ്ടാവുന്നതെങ്കില്‍ മേയ് 12 മുതല്‍ സമരവുമായി മുന്നോട്ട് പോകുമെന്നും ഐ.എന്‍.എ അറിയിച്ചു.

മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് കൃത്യമായ മീറ്റിങ്ങുകള്‍ നടത്താതെ ശമ്പളപരിഷ്‌കരണ തീരുമാനം വൈകിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും നിലവില്‍ മാനേജ്‌മെന്റുകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസും സര്‍ക്കാരിന് പണിമുടക്ക് നോട്ടീസും നല്‍കിയിട്ടുണ്ടെന്നും ഐ.എന്‍.എ വ്യക്തമാക്കി.

സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള ശമ്പളം നേടിക്കൊണ്ട് മാത്രമേ ഐ.എന്‍.എ. സമരം അവസാനിപ്പിക്കുകയുള്ളുവെന്നും ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ലേബര്‍ കമ്മിഷണര്‍ക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയതായും ഐ.എന്‍.എ അറിയിച്ചു.

തുടര്‍ന്ന് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ യോഗം നടക്കുന്ന കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലേക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. നഴ്സുമാരുടെ ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്നും ശമ്പളം അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്കും സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് പറഞ്ഞു.

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിച്ചതു സംബന്ധിച്ച് ബന്ധപ്പെട്ട ഉപദേശക സമിതിക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. ചെറുകിട ആശുപത്രി മാനേജ്മെന്റില്‍ നിന്നാണ് പരാതികള്‍ ഏറെയും ലഭിച്ചത്.

Top