കേരളത്തിലെ ശമ്പള പരിഷ്‌കരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

kerala hc

കൊച്ചി: സംസ്ഥാനത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ നീക്കമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നിലം നികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ആറും, എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്‌കരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് നാലര വര്‍ഷം കൂടുമ്പോള്‍ നടത്തുന്നു. സാഹചര്യം മനസിലാക്കുന്നതിന് പകരം സര്‍ക്കാര്‍ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ശമ്പള പരിഷ്‌കരണത്തിനായി ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങളിലൂടെ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വേണ്ടി വന്നാല്‍ ശമ്പള പരിഷ്‌കരണത്തില്‍ ഇടപെടുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്‍കി.

Top