കേന്ദ്ര സർവ്വീസുകാരെ വെറുപ്പിച്ചാൽ, സർക്കാർ വലിയ വില നൽകേണ്ടി വരും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാറിനെയും കുഴപ്പത്തില്‍ ചാടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അദ്ദേഹത്തോടൊപ്പം തന്നെ ഉണ്ടോ എന്ന കാര്യത്തില്‍ സംശയം ബലപ്പെടുന്നു. ഏറ്റവും ഒടുവില്‍ സംസ്ഥാനത്തെ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ ഒന്നടങ്കം സര്‍ക്കാറിനെതിരെ തിരിക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. എന്താണ് കേന്ദ്ര സര്‍വീസും കേരള സര്‍വ്വീസും തമ്മിലുള്ള വ്യത്യാസം എന്നു അറിയാത്ത വിഡ്ഢികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81,800 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് സര്‍വ്വീസില്‍ കയറുന്ന ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നതിനേക്കാള്‍ വലിയ വര്‍ദ്ധനവാണിത്. കളക്ടര്‍ വാങ്ങുന്നതിനേക്കാള്‍ ശമ്പളം ആര്‍.ഡി.ഒ വാങ്ങുക എന്നു പറയുന്നത് തന്നെ ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. മുഖ്യമന്ത്രിയേക്കാള്‍ കൂടുതല്‍ ശമ്പളം മന്ത്രിമാര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്.

ഈ വിവേചനത്തിലെ ‘ അപകടം’ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതില്‍ വലിയ വീഴ്ചയാണ് ബന്ധപ്പെട്ടവര്‍ വരുത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥ സിസ്റ്റം തന്നെയാണ് ഈ ഉത്തരവ് നടപ്പായാല്‍ തകരാന്‍ പോകുന്നത്. കേന്ദ്ര സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥരെ പിണക്കി രാജ്യത്ത് ഒരു സംസ്ഥാനത്തും ഒരു സര്‍ക്കാറിനും ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുകയില്ല.

മന്ത്രിസഭ അംഗീകാരം നല്‍കിയ പുതിയ ശമ്പളനിരക്ക് ജില്ലാതലങ്ങളിലെ അധികാര ക്രമത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ തന്നെ രേഖാമൂലം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ ഇടപെട്ട് തീരുമാനം പിന്‍വലിക്കണമെന്ന ഇവരുടെ നിലപാട് തികച്ചും ന്യായം തന്നെയാണ്. ഈ പരാതിയില്‍ ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. സി.പി.എമ്മും കാര്യം സമഗ്രമായി പരിശോധിക്കാന്‍ തയ്യാറാവേണ്ടതുണ്ട്.

സിവില്‍ സര്‍വീസ് പരീക്ഷയുടെ പോലെ കര്‍ശനമായ രീതിയില്‍ നടത്തുന്ന പരിശീലനമോ പരീക്ഷയോ ഒന്നുമല്ല കെ.എ.എസിന്റേത്. രണ്ടും തമ്മില്‍ ഒരു താരതമ്യത്തിനു പോലും പ്രസക്തിയുമില്ല. എത്ര ശബളം വര്‍ദ്ധിപ്പിച്ചാലും കെ.എ.എസ് എന്നത് ഐ.എ.എസിനു തുല്യമാകുകയില്ല. ഐ.എ.എസ്, ഐ.പി.എസ് എന്നു പറഞ്ഞാല്‍ അത് രാജ്യത്തെ ഏത് പൗരനും കൊതിക്കുന്ന ഒരു സ്വപ്‌നമാണ്. ഇക്കാര്യവും സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കെ.എ.എസുകാരന്‍ പോലും ഇപ്പോള്‍ സ്വപ്‌നം കാണുന്നത് 12 വര്‍ഷം സര്‍വ്വീസില്‍ പൂര്‍ത്തിയാകുമ്പോഴെങ്കിലും തനിക്കു ഐ.എ.എസു കിട്ടണമെന്നതാണ്. അതാണ് ഐ.എ.എസിന്റെ പവര്‍.

അടിസ്ഥാന ശമ്പളത്തിന് പുറമെ അനുവദനീയമായ ഡി.എ, എച്ച്.ആര്‍.എ എന്നിവയും 10% ഗ്രേഡ് പേയും നിലവിലെ തീരുമാന പ്രകാരം കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. ട്രെയിനിംഗ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായും അനുവദിക്കും. മുന്‍ സര്‍വ്വീസില്‍ നിന്നും കെ.എ.എസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണോ കൂടുതല്‍ അതും അനുവദിക്കും. 18 മാസത്തെ പരിശീലനമാണ് ഇവര്‍ക്കുള്ളത്.

കെ.എ.എസിനെ ”പ്രമോട്ട് ” ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചിലര്‍ ശബള വര്‍ദ്ധനവിനെ ന്യായീകരിക്കുന്നതെങ്കിലും ഉത്തരവ് പിന്‍വലിച്ചില്ലങ്കില്‍ സംസ്ഥാന സര്‍ക്കാറിനു അത് വലിയ പ്രതിസന്ധിയുണ്ടാക്കാന്‍ തന്നെയാണ് സാധ്യത. മുന്‍ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും ഉള്‍പ്പെടെ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

Top