പ്രാദേശിക താരങ്ങളുടെ ശമ്പള വര്‍ധനവ് ; ബി സി സി ഐയെ തള്ളി സി ഒ എ

bcci

ന്യൂഡല്‍ഹി: പ്രാദേശിക താരങ്ങളുടെ ശമ്പള വര്‍ധനവിനെ ചൊല്ലി ബി സി സി ഐ യും സി ഒ എയും രണ്ട് ചേരിയില്‍. ബിസിസിഐയുടെ ജൂണ്‍ 22നു നടന്ന പ്രത്യേക ജനറല്‍ മീറ്റിംഗിലെ തീരുമാനങ്ങളെ തള്ളിയാണ് ഇപ്പോള്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ അഭ്യന്തര തലത്തില്‍ താരങ്ങള്‍ക്ക് 100 ശതമാനത്തിനടുത്ത് ശമ്പള വര്‍ദ്ധനവ് വേണമെന്ന് സിഒഎ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് ബിസിസിഐയുടെ വരുമാനത്തെ കണക്കിലെടുക്കാതെയുള്ള തീരുമാനമാണെന്നായിരുന്നു ബിസിസിഐ വാദിച്ചത്.

ഇപ്പോള്‍ ബിസിസിഐ ശ്രമിക്കുന്നത് തുച്ഛമായ വര്‍ധനവ് നല്‍കി പെരുമ പിടിച്ചു പറ്റുവാനുള്ള ശ്രമമാണെന്ന് പറഞ്ഞ് വര്‍ധനവിനെ തള്ളിയ സിഒഎ തങ്ങള്‍ നിശ്ചയിച്ച ഫീസ് ഘടനയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചു. അതേസമയം ബിസിസിഐയുടെ മീഡിയ റൈറ്റിനെക്കുറിച്ചുള്ള വ്യക്തത വരുാതെ എടുത്ത തീരുമാനമാണ് സിഒഎയുടെ ഫീസ് ഘടനയെന്നാണ് ബിസിസിഐ വാദിക്കുന്നത്. അതില്‍ വ്യക്തത വന്നാല്‍ മാത്രമേ എത്ര ശതമാനം വര്‍ദ്ധനവ് വരുത്താമെന്ന് തീരുമാനിക്കാനാകൂ എന്നാണ് ബിസിസിഐ വാദിക്കുന്നത്. സിഒഎയുടെ തീരുമാനം കൈക്കൊണ്ടാല്‍ താരങ്ങള്‍ക്ക് നാല് വര്‍ഷത്തിനു ശേഷം മാത്രമേ കാര്യമായ ഗുണമുണ്ടാകൂ എന്നും അവര്‍ വാദിക്കുന്നു.

നിലവില്‍ പ്രാദേശിക താരങ്ങളുടെ ശമ്പള വര്‍ധനവിനെ കുറിച്ചുള്ള എതിര്‍ അഭിപ്രായങ്ങള്‍ ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Top