നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് ; സര്‍ക്കാറിന്റെ അവകാശവാദം വഞ്ചനാപരമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ചുള്ള സര്‍ക്കാറിന്റെ അവകാശവാദം വഞ്ചനാപരമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ശമ്പളത്തില്‍ വലിയ വര്‍ദ്ധനവ് വരുത്തിയെന്ന സര്‍ക്കാരിന്റെ അവകാശവാദം തീര്‍ത്തും വഞ്ചനാപരമാണ്.

അലവന്‍സുകള്‍ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് പുതിയ സ്‌കെയിലുകള്‍ നിശ്ചയിച്ചത്. അത് കാരണം പേരിനുള്ള വര്‍ദ്ധനവ് മാത്രമേ യഥാര്‍ത്ഥത്തില്‍ വരുത്തിയിട്ടുള്ളൂ. ഇത് സുപ്രീംകോടതി വിധിക്ക് കടകവിരുദ്ധമാണ്.

സര്‍ക്കാര്‍ കള്ളക്കളി നടത്താതെ യാഥാര്‍ത്ഥ്യ ബോധത്തോടെ ശമ്പളം നിശ്ചയിച്ച് നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ അന്ത:സത്ത ഉള്‍ക്കൊണ്ട് നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ച് അവരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും അടിയന്തിരമായി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിനിമം വേതനത്തിന്റെ കാര്യത്തില്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ തിങ്കളാഴ്ച തീരുമാനമെടുത്തില്ലെങ്കില്‍ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

Top