സാലറി കട്ട് ഒഴിവാക്കണം; സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന സമരത്തിലേക്ക്

doctors-strike

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സമരത്തിലേക്ക്. സാലറി കട്ട് ഒഴിവാക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ രണ്ടിന് ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം നടത്തും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിസഹകരണ സമരം നടത്താനാണ് തീരുമാനം.

കഴിഞ്ഞ തവണയും ശമ്പളം മാറ്റിവയ്ക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ഒഴിവാക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയാറായില്ലെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യക്ഷസമരത്തിലേക്ക് കെജിഎംഒഎ നീങ്ങിയില്ല. വീണ്ടും ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ഉടന്‍ നിയമിക്കണം, ശമ്പളം മാറ്റിവെയ്ക്കുന്നതില്‍ നിന്നും ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ഒഴിവാക്കണം, കഴിഞ്ഞ ആറ് മാസമായി മാറ്റി വച്ച ശമ്പളം ഉടന്‍ വിതരണം ചെയ്യണം, എന്‍എച്ച്എം ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച 20 ശതമാനം റിസ്‌ക് അലവന്‍സ് കൊവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കണം, കഴിഞ്ഞ ഒന്‍പത് മാസക്കാലമായി അവധി ദിവസങ്ങളില്‍ പോലും ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലീവ് സറണ്ടര്‍ ആനുകൂല്യം പുന:സ്ഥാപിക്കണം എന്നിവയാണ് സംഘടന മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങള്‍.

Top