സാലറി ചലഞ്ച്; സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകാന്‍ സാധ്യത!

തിരുവനന്തപുരം: സുപ്രീംകോടതി വിധി പുറത്ത് വന്നിട്ടും ജീവനക്കാരില്‍ നിന്ന് വാങ്ങിയ വിസമ്മത പത്രം തിരികെ നല്‍കാത്തത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഇറക്കാന്‍ വൈകുന്നത് ഈ മാസത്തെ ശമ്പളം വൈകാനിടയാക്കുമെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നു.

സുപ്രീംകോടതി വിസമ്മത പത്രം റദ്ദാക്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിച്ചിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതാണ് ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്. വിധിയുടെ പശ്ചാത്തത്തില്‍ ശമ്പളം തിരികെ നല്‍കുന്നതിനോ, മുന്‍പ് വിസമ്മത പത്രം എഴുതി നല്‍കിയവര്‍ക്ക് മടക്കി നല്‍കുന്നതിനോ ഇതുവരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. പുതിയ ഉത്തരവില്‍ മുന്‍പ് നല്‍കിയ വിസമ്മത പത്രം തിരികെ എടുക്കുന്നതിനുള്ള യാതൊരു നിര്‍ദ്ദേശങ്ങളാകട്ടെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ജീവനക്കാര്‍ക്ക് തലവേദനയായി മാറുന്നു. മാത്രമല്ല, സ്പാര്‍ക്ക് വഴി ശമ്പളം നല്‍കുന്നതിന് ഡിഡിഒമാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ കാണിച്ച് ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആണ് ഇത്തവണ ജീവനക്കാര്‍ക്ക് ശമ്പള വിതരണത്തില്‍ തടസ്സം നേരിടാന്‍ സാധ്യതയേറുന്നത്.

ശമ്പളത്തില്‍ നിന്ന് പ്രളയദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനകളില്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തെ ഒരു വിഭാഗം എതിര്‍ത്തു ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. വിസമ്മത പത്രം എഴുതി നല്‍കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്നീട് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ഹൈക്കോടതി വിധിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയുമായിരുന്നു. പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഈ ഉത്തരവിന്റെ അന്ത:സത്ത ചോര്‍ത്തുന്ന തരത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍തന്നെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ഇക്കാര്യത്തില്‍ വ്യാപകമായ പ്രതിഷേധത്തിന് രൂപം നല്‍കാനാണ് എന്‍ജിഒ സംഘടനകളുടെ തീരുമാനം.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top