സാലറി ചലഞ്ച്; 868 ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്‍കി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച ഡോക്ടർമാര്‍ രാജിക്കത്ത് നല്‍കി. 950 ഡോക്ടര്‍മാരില്‍ 868 പേരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രാജിക്കത്ത് സമർപ്പിച്ചു. സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. ജോലിയില്‍ കയറി രണ്ട് മാസമായിട്ടും പകുതി ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തതും രാജിക്ക് കാരണമാണ്.

കോവിഡ് രോഗവ്യാപനം കൂടിയതോടെയാണ് ജൂണ്‍ മാസം 950 ജൂനിയര്‍ ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിഎച്ച്സികളില്‍ നിയമിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു നിയമനം. 42000 രൂപ സാലറിയും ടെംപററി മെഡിക്കല്‍ ഓഫീസര്‍ എന്ന പോസ്റ്റും നല്‍കി.കോവിഡ് കാലത്ത് ജോലിയെടുക്കുന്ന ഇവരില്‍ പകുതി പേര്‍ക്കും ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. പകുതി പേര്‍ക്ക് ശമ്പളം കിട്ടിയിട്ടുണ്ടങ്കിലും 42000 ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അതാത് മെഡിക്കല്‍‌ ഓഫീസര്‍മാര്‍ക്കും ഡിഎംഒമാര്‍‌ക്കും ടെംപററി മെഡിക്കല്‍ ഓഫീസര്‍മാര്‍ രാജിക്കത്ത് നല്‍കിയത്.

Top