കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാരുടേയും എംപിമാരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഒരു വര്‍ഷത്തേക്ക് ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലാണ് അവതരിപ്പിക്കുന്നത്. ബില്‍ പാസാക്കാനാണ് തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് എംപിമാരുടെ ശമ്പളം കുറയ്ക്കുന്നത്.

നേരത്തെ, അടുത്ത ഒരു വര്‍ഷം പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്നു 30 ശതമാനം തുക പിടിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ വിനിയോഗിക്കുന്നതിനു രണ്ടു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തേയ്ക്ക് 10 കോടി രൂപയാണ് ഒരു എംപിയുടെ ഫണ്ടിലുള്ളത്. ആകെ 7900 കോടി രൂപ ഇത്തരത്തില്‍ ലഭിക്കും.

എംപിമാരുടെ ശമ്പളം കുറയ്ക്കുന്നതും തോട്ടിപ്പണി പൂര്‍ണമായി നിരോധിക്കുന്നതുമടക്കം 23 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കുന്ന ബില്ലുമുണ്ട്.

 

Top