ഇന്ത്യയിലെ ശമ്പളം അടുത്ത വര്‍ഷം 9.2% വര്‍ദ്ധിക്കും; ‘ഗുഡ് ന്യൂസ് / ബാഡ് ന്യൂസ്’

2020ല്‍ ഇന്ത്യയിലെ ജോലിക്കാരുടെ ശമ്പളം 9.2 ശതമാനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഉയര്‍ച്ച ഇന്ത്യയിലാണ് സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്തെ പണപ്പെരുപ്പം ഈ വര്‍ദ്ധന ഫലത്തില്‍ ഇല്ലാതാക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥ വരുമാന വര്‍ദ്ധന 5 ശതമാനത്തില്‍ ഒതുങ്ങുന്നതോടെയാണ് ഇത്.

കോണ്‍ ഫെറി ഗ്ലോബല്‍ സാലറി ഫോര്‍കാസ്റ്റാണ് ഇന്ത്യയിലെ ശമ്പള വര്‍ദ്ധനവ് 2020ല്‍ 9.2 ശതമാനത്തില്‍ എത്തുമെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 10 ശതമാനമായിരുന്നു. 2020ലെ പണപ്പെരുപ്പം മൂലമുള്ള യഥാര്‍ത്ഥ വരുമാനം 5 ശതമാനത്തില്‍ തുടരും. ഏഷ്യയില്‍ ശമ്പള വര്‍ദ്ധനവില്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോള തലത്തില്‍ യഥാര്‍ത്ഥ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തുമ്പോഴാണ് ഇന്ത്യ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തുന്നത്. നിസവിലെ സാമ്പത്തിക സ്ഥിതിയും, സര്‍ക്കാരിന്റെ പരിഷ്‌കാര നടപടികളും ഇന്ത്യയിലെ മേഖലകളില്‍ ശ്രദ്ധയോടെയുള്ള പ്രതീക്ഷ ഉണര്‍ത്തുന്നതാണ് ശമ്പളം വര്‍ദ്ധിക്കാന്‍ കാരണം, കോണ്‍ ഫെറി ഇന്ത്യ ചെയര്‍മാന്‍ നവ്‌നീത് സിംഗ് പറഞ്ഞു.

ബിസിനസ്സുകള്‍ക്ക് മേലുള്ള സമ്മര്‍ദത്തിന്റെ ഭാഗമായി ഫിക്‌സഡ് ശമ്പളത്തിന്റെ വര്‍ദ്ധനയ്ക്ക് വേഗത കുറവായിരിക്കും. എന്നിരുന്നാലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് വരുമാന വളര്‍ച്ച പ്രതീക്ഷിക്കാമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

Top