സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണം; എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍

കോഴിക്കോട്: സമസ്ത നേതാക്കളെ അവഹേളിച്ച ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ മജ്ജയും മാംസവുമായ സമസ്തയെ വെല്ലുവിളിക്കുന്നത് ലീഗിനെ പരാജയപ്പെടുത്തുക എന്ന ഹിഡന്‍ അജണ്ടയോടു കൂടിയാണോ എന്ന് ഭയപ്പെടുന്നുവെന്നും മുന്നേ പുറത്തുപോയ കാലത്തും മുസ്ലിംലീഗ് പിരിച്ചുവിടണം എന്ന് പറഞ്ഞ സലാം ഇന്ന് അകത്ത് വന്ന് ആ ദൗത്യം നിര്‍വഹിക്കുകയാണോ എന്നും ലത്തീഫ് ചോദിച്ചു.

പിഎംഎ സലാമിന് മറുപടിയുമായി വീണ്ടും സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തുവന്നിരുന്നു. സമസ്ത ആര്‍ക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുറന്നടിച്ചത്. കാസര്‍ഗോഡ് നീലേശ്വരത്ത് SYS സംസ്ഥാന മീലാദ് ക്യാമ്പയിന്‍ സമാപന വേദിയിലാണ് ജിഫ്രി തങ്ങളുടെ മറുപടി.

ഇപ്പോഴത്തെ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷനെ ആര്‍ക്കെങ്കിലും അറിയുമോ എന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം. പിഎംഎ സലാമിന്റെ പരാമര്‍ശം സമസ്ത – ലീഗ് ബന്ധം കൂടുതല്‍ വഷളാക്കി. ഇതിന് പിന്നാലെ പിഎംഎ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി തങ്ങളെ നേരിട്ട് വിളിച്ചിരുന്നു.

തന്റെ പരാമര്‍ശം തെറ്റായി പ്രചരിക്കപ്പെട്ടു എന്നായിരുന്നു പിഎംഎയുടെ വിശദീകരണം. പരസ്യ പ്രതികരണത്തിന് മുതിര്‍ന്നില്ലെങ്കിലും ഹമീദലി തങ്ങള്‍ തൃപ്തനല്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ മുനവ്വറലി തങ്ങളും തയ്യാറായിട്ടില്ല. സമസ്ത -ലീഗ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമാവാത്തതിന് കാരണക്കാര്‍ സമസ്തയിലെ ലീഗ് വിരുദ്ധരാണ് എന്നാണ് പിഎംഎ സലാമിന്റെ നിലപാട്.

Top