അര്‍ജന്റീനിയന്‍ താരം സലയുടെ ട്രാന്‍സ്ഫര്‍ തുക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നാന്റസ്

വിമാനാപകടത്തില്‍ മരണപ്പെട്ട അര്‍ജന്റീനിയന്‍ താരം എമിലിയാനോ സലയുടെ ട്രാന്‍സ്ഫര്‍ തുക എത്രയും പെട്ടെന്ന് നല്‍കണമെന്ന് ഫ്രഞ്ച് ക്ലബ്ബ് നാന്റസ്. തുക ഉടന്‍ തന്നെ നല്‍കിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കാര്‍ഡിഫ് സിറ്റി ക്ലബ്ബിന് നാന്റസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ മാസം നാന്റസില്‍ നിന്ന് കാര്‍ഡിഫ് സിറ്റി സ്വന്തമാക്കിയ സല, വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരു മാസം പോലുമായിട്ടില്ല. ഇതിനിടയില്‍ സ്‌പോര്‍ട്‌സ് മര്യാദകള്‍ മറികടന്ന് നാന്റസ് നടത്തിയ ഈ നീക്കം ഫുട്‌ബോള്‍ ലോകത്ത് വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം 21ം തീയതി ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ കടന്ന് പോകുമ്പോഴായിരുന്നു സല സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. ഏറെ നാളത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞയാഴ്ച താരം സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെടുക്കുകയും, പിന്നീട് സലയുടെ മൃതദേഹം ലഭിക്കുകയുമുണ്ടായി. ഇതിനിടയിലാണ് നാന്റസ്, ട്രാന്‍സ്ഫര്‍ തുക ആവശ്യപ്പെട്ട് കാര്‍ഡിഫ് സിറ്റിക്ക് കത്തെഴുതിയിരിക്കുന്നത്.

നേരത്തെ കാര്‍ഡിഫ് സിറ്റി ക്ലബ്ബിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കായിരുന്നു സലയെ അവര്‍ നാന്റസില്‍ നിന്ന് സ്വന്തമാക്കിയത്. കരാറിന്റെ ഭാഗമായി അടിയന്തരമായി പറഞ്ഞുറപ്പിച്ച പന്തിനഞ്ച് മില്ല്യണ്‍ സ്‌റ്റെര്‍ലിംഗ് പൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുക, ഇല്ലെങ്കില്‍ നിയമനടപടികള്‍ നേരിടുക എന്നാണ് നാന്റസ്, കാര്‍ഡിഫ് സിറ്റിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ നിയമങ്ങള്‍ അനുസരിച്ച് പണം നല്‍കാന്‍ കാര്‍ഡിഫ് സിറ്റി ബാധ്യസ്ഥരാണെങ്കിലും ഇങ്ങനെയൊരവസ്ഥയില്‍ ക്ലബ്ബിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കം ആരാധകരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Top