സാക്ഷരതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ബിഹാര്‍ സ്വദേശിനി

സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയ ചങ്ങാതി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയതോടെ അഭിനന്ദനപ്രവാഹമാണ് ഉമയനല്ലൂര്‍ എസ്റ്റേറ്റ് റോഡിലെ വാടകവീട്ടിലേക്ക്. ബിഹാര്‍ കട്ടിഹാര്‍ സ്വദേശിനി റോമിയ കാത്തൂണ്‍ എന്ന വീട്ടമ്മയ്ക്കാണ് സംസ്ഥാന സാക്ഷരത മിഷന്റെ പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. ഭര്‍ത്താവ് സെയ്ഫുള്ളയ്‌ക്കൊപ്പം ആറുവര്‍ഷംമുമ്പാണ് റോമിയ കേരളത്തിലെത്തിയത്.

ബിഹാറില്‍ പ്രാഥമികവിദ്യാഭ്യാസംപോലും നേടാനായിരുന്നില്ല. കേരളത്തിലെത്തുമ്പോള്‍ മക്കളായ ഉമറുല്‍ ഫാറൂഖിനെയും മുഹമ്മദ് തൗസിഫിനെയും തൊട്ടടുത്തുള്ള വാഴപ്പള്ളി സ്‌കൂളില്‍ ചേര്‍ത്തതോടെയാണ് മലയാളം അറിയാത്തതിന്റെ ബുദ്ധിമുട്ട് ഏറിയത്. സാക്ഷരതാപ്രവര്‍ത്തകരായ ഷീലജയും വിജയകുമാരിയും സഹായവുമായെത്തി. തുടര്‍ന്ന് ആഴ്ചകള്‍കൊണ്ടുള്ള പഠനം. മക്കളുടെ സ്‌കൂളിലെ അധ്യാപകരെല്ലാം ഡയറിയില്‍ എഴുതി കൊടുത്തു വിടുന്ന പഠനപ്രവര്‍ത്തനങ്ങള്‍ നോക്കി മക്കളെ പഠിപ്പിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ട്.

നാലുമാസം പ്രായമുള്ള തമന്നയെയുംകൊണ്ട് ആശുപത്രിയില്‍ എത്തിയാല്‍ കൃത്യമായ രോഗവിവരങ്ങള്‍ പറഞ്ഞ് ചികിത്സിക്കാനും കഴിയുന്നുണ്ട്.മയ്യനാട് വെള്ളമണല്‍ സ്‌കൂളില്‍ റോമിയ അടക്കം 298 മറുനാട്ടുകാരാണ് സാക്ഷരതാമിഷന്റെ ചങ്ങാതി പരീക്ഷ എഴുതിയത്. റോമിയയായിരുന്നു ഏക വനിത. വിജയമറിഞ്ഞ് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല റോമിയയെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു. ഉമയനല്ലൂര്‍ ജങ്ഷനില്‍ ജ്യൂസ് കട നടത്തുന്ന ഭര്‍ത്താവ് സെയ്ഫുള്ള എല്ലാസഹായവുമുണ്ട്.

Top