sakir nayik not a terrorist relation; govt say loksabha

ന്യൂഡല്‍ഹി : വിവാദത്തിലായ ഇസ്ലാമിക് പ്രാസംഗികന്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക്ക് റിസേര്‍ച്ച് ഫൗണ്ടേഷനും (ഐ.ആര്‍.എഫ്) തീവ്രവാദ സംഘടനകളുമായി ഒരു ബന്ധവുമില്ലെന്ന് സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു.

എന്നാല്‍ ഐ.ആര്‍.എഫിന്റെ പ്രസിഡന്റായ നായിക്കിന്റെ പ്രസംഗങ്ങള്‍ ചില പ്രമുഖ തീവ്രവാദികളെ സ്വാധീനിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ സഭയില്‍ വ്യക്തമാക്കി. 2010ലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ കീഴിലാണ് ഐ.ആര്‍.എഫ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്.

ഫൗണ്ടേഷനു ലഭിക്കുന്ന വിദേശ സംഭാവനകളും അതിന്റെ ഉപയോഗവുമെല്ലാം പരിശോധിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നായിക്ക് നടത്തുന്ന പീസ് ടിവി കേബില്‍ നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷാനുമതി ലഭിച്ച സാറ്റ്‌ലൈറ്റ് ചാനല്‍ അല്ലാത്തതിനാല്‍ ഇത് കേബില്‍ ഓപ്പറേറ്റര്‍മാര്‍ എയര്‍ ചെയ്യുന്നില്ല.

എന്നാല്‍ ആന്ധ്രയിലും മഹാരാഷ്ട്രയിലും ചില കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഈ ചാനല്‍ സംപ്രേക്ഷണം നടത്തുന്നതിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചിരുന്നു.

ഐ.ആര്‍.എഫിന്റെ ഫണ്ടുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളെ ഇസ്ലാം മതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നിവയ്ക്കായി ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണങ്ങളിലും ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2006നും 2011നും ഇടയ്ക്ക് 15 കോടിയോളം രൂപയാണ് ഐ.ആര്‍.എഫിന് ലഭിച്ചിട്ടുള്ളത്.

Top