Sakhav movie shooting crisis

കൊച്ചി: നിവിന്‍പോളി നായകനായ സഖാവ് സിനിമയുടെ ഷൂട്ടിങ്ങ് നോട്ട് ക്ഷാമത്തെ തുടര്‍ന്ന് മാറ്റിവച്ചു.സിദ്ധാര്‍ഥ് ശിവ സംവിധാനം സിനിമയുടെ മൂന്നാംഘട്ട ചിത്രീകരണമാണ് മാറ്റിയത്.

ഈ മാസം 18 മുതല്‍ ഇടുക്കി പീരുമേട്ടിലായിരുന്നു 35 ദിവസത്തെ സഖാവിന്റെ ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്.

ദിവസവും മൂന്നരലക്ഷത്തോളം രൂപയാണ് ചിത്രീകരണത്തിനായുള്ള ചെലവ്. ഇതില്‍ രണ്ടര ലക്ഷം രൂപ ചെക്കായി വിവിധ സാങ്കേതിക വിദഗ്ധര്‍ക്കു നല്‍കുമ്പോള്‍ ഒരു ലക്ഷം രൂപയെങ്കിലും ദിവസച്ചെലവിനു വേണം. ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും പാചകക്കാരുടെയും വിളമ്പുകാരുടെയും പ്രതിഫലവും ലൊക്കേഷന്‍ വാടകയും മറ്റും നല്‍കുന്നതിനുമാണ് ഇത്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍മാതാവിന് ആഴ്ചയില്‍ 24,000 രൂപയേ ബാങ്കില്‍ നിന്നു പിന്‍വലിക്കാനാവൂ. ഇതുകൊണ്ട് ഒരു ദിവസം പോലും ചിത്രീകരണം നടത്താനാവില്ല. ഈ സാഹചര്യത്തിലാണു പണം ലഭ്യമാകുന്നതുവരെ ഷൂട്ടിങ് നിര്‍ത്തിവച്ചത്.

നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ചിത്രീകരണം അന്തിമഘട്ടത്തിലെത്തിയ പല സിനിമകളും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പാടുപെടുകയാണ്. നോട്ട് വിതരണം സാധാരണ നിലയില്‍ ആയതിനുശേഷം മാത്രമെ സിനിമകളുടെ ഷൂട്ടിങ്ങ് ഇനി പഴയത് പോലെ ആരംഭിക്കാന്‍ കഴിയു.

Top