വനിതാ പ്രീമിയര്‍ ലീഗില്‍ മിന്നും തുടക്കവുമായി മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം സജന

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മിന്നും തുടക്കമാണ് മുംബൈ ഇന്ത്യന്‍സിന്റെ മലയാളി താരം സജന സജീവന് ലഭിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ഉദ്ഘാടന മത്സരത്തില്‍ വിജയിക്കാന്‍ അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സിക്സര്‍ പറത്തിയാണ് സജന മുംബൈയ്ക്ക് ആവേശ വിജയം സമ്മാനിച്ചത്. നാല് വിക്കറ്റുകള്‍ക്ക് ഡല്‍ഹിയെ പരാജയപ്പെടുത്തുമ്പോള്‍ സജന സജീവനായിരുന്നു മുംബൈയുടെ വിജയശില്‍പ്പി.

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസും വയനാട് സ്വദേശിനി സജനയെ പുകഴ്ത്തി രംഗത്തെത്തി. ‘ഞങ്ങള്‍ പ്രതീക്ഷിച്ചതു പോലെയായിരുന്നില്ല മത്സരത്തിന്റെ ഫലം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സജനയുടെ ഫിനിഷിംഗ് അമ്പരിപ്പിച്ചു. വെള്ളപ്പൊക്കത്തില്‍ അവള്‍ക്കെല്ലാം നഷ്ടമായിരുന്നു. വളരെ മോശം സാഹചര്യത്തില്‍ നിന്നാണ് അവള്‍ കടന്നുവരുന്നത്. ടീമിന് ജയിക്കാന്‍ അഞ്ച് റണ്‍സ് വേണ്ടപ്പോളാണ് അവള്‍ ക്രീസിലെത്തുന്നത്. അനായാസമായി അവര്‍ സിക്സര്‍ പായിച്ചു. എത്ര മികച്ച താരമാണവള്‍’, ജെമീമ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

മത്സരശേഷം സജനയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങള്‍. സജന മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡാണെന്നാണ് യാസ്തിക ഭാട്ടിയ വിശേഷിപ്പിച്ചത്. ‘സജനയില്‍ ഒരുപാട് വിശ്വാസം മുംബൈ ഇന്ത്യന്‍സിനുണ്ട്. അവള്‍ ഞങ്ങളുടെ, മുംബൈ വുമണ്‍സ് ടീമിന്റെ കീറോണ്‍ പൊള്ളാര്‍ഡിനേപ്പോലെയാണ്. അവള്‍ക്ക് അങ്ങനെയുള്ള റോളാണ് ടീമില്‍ ലഭിച്ചിരിക്കുന്നത്. അവള്‍ ഇന്ന് നന്നായി അത് നിര്‍വഹിക്കുകയും ചെയ്തു’ യാസ്തിക ഭാട്ടിയ പറഞ്ഞു.

Top