ബിജെപി വോട്ട് പിടിക്കാനായി ഹേമാമാലിനിയെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കും: സജ്ജന്‍ സിംഗ്

ഭോപ്പാല്‍: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഓരോ ദിവസവും ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പുലിവാലുപിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ സിംഗ്. ബിജെപി അംഗം ഹേമാമാലിനിയെക്കുറിച്ച് സജ്ജന്‍ സിംഗ് നടത്തിയ വിവാദ പരാമര്‍ശം വലിയ പ്രതിഷേധങ്ങല്‍ക്കിടവെച്ചിരിക്കുകയാണ്.

ബിജെപിക്ക് പ്രിയങ്ക ഗാന്ധിയെ പോലെ സൗന്ദര്യമുള്ള നേതാവില്ല അത് അവരുടെ നിര്‍ഭാഗ്യമാണ്. അവര്‍ക്ക് ആകെയുള്ളത് ഹേമാമാലിനിയാണ് ആണ്. കുറച്ച് വോട്ട് പിടിക്കാനായി രാജ്യത്ത് മുഴുവന്‍ ഹേമാമാലിനിയെ കൊണ്ട് ബിജെപി നൃത്തം ചെയ്യിപ്പിക്കുമെന്നുമാണ് സജ്ജന്‍ സിംഗ് പറഞ്ഞത്. ഇത്രയും സൗന്ദര്യമുള്ളയാളായി പ്രിയങ്കയെ സൃഷ്ടിച്ചതിന് ദൈവത്തെ അഭിനന്ദിക്കണം. ആളുകളോടുള്ള സ്‌നേഹവും ബഹുമാനവുമാണ് പ്രിയങ്കയുടെ സൗന്ദര്യം സൂചിപ്പിക്കുന്നത്. സ്വയം താഴ്ത്തപ്പെടുന്ന വാക്കുകള്‍ ബിജെപി നേതാക്കള്‍ ഉപയോഗിക്കരുതെന്നും സജ്ജന്‍ പറഞ്ഞു.

അതേസമയം പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ചില ബിജെപി നേതാക്കളും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അതിനെ വിമര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് അത്തരം പരാമര്‍ശങ്ങള്‍ തന്നെ ആവര്‍ത്തിക്കുകയാണുണ്ടായത്. ഏതായാലും സജ്ജന്‍ സിംഗിന്റെ വാക്കുകള്‍ കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്.

Top