അവളുടെ കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും ;പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത്.

സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ആക്രമിക്കപ്പെട്ട നടിയെ കാണുന്നതെന്നും ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരുമെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു.

നടി പീഡനത്തിനിരയായെങ്കില്‍ എങ്ങിനെ പിറ്റേദിവസം ഷൂട്ടിംഗിന് പോയി എന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞത്.

സജിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ പ്രസ്താവനകൾ എന്നവൾ പറയുമ്പോൾ വേദനിക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളുടെ മനസ്സുകൂടിയാണ്. ഇരയായി നിശ്ശബ്ദമായി കരഞ്ഞു തീർക്കാനുള്ളതല്ല അവളുടെ ജീവിതം. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ഞങ്ങളവളെ കാണുന്നത്. ഈ ദിവസങ്ങളിൽ അവൾ പൊഴിക്കുന്ന കണ്ണനീരിന് നിങ്ങൾ വില കൊടുക്കേണ്ടി വരും പി.സി.ജോർജ്ജ് ! അവളുടെ ഇച്ഛാശക്തിയെ തകർക്കാൻ ഇനി ഞങ്ങൾ അനുവദിക്കില്ല. സുഹൃത്തുക്കളെ ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുത് , ഞങ്ങൾ കൂടെ ഉണ്ട് എന്നു പറയേണ്ട സമയമാണിത്. ടീച്ചർക്ക്, ഈ കുറിപ്പിന് ഏറെ നന്ദി!

Top