സത്യപ്രതിജ്ഞ ബുധനാഴ്ച; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക് 

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ ജനുവരി നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സജി ചെറിയാന്റെ മടങ്ങിവരവിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടിയതോടെ നാലിനു സത്യപ്രതിജ്ഞ നടത്താമെന്ന് സർക്കാർ ഗവർണറെ അറിയിച്ചു.

കഴിഞ്ഞ ജൂലൈ ആറിനു ചെങ്ങന്നൂരിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണഘടനയെ അവഹേൡച്ചെന്നു പരാതി ഉയർന്നതിനെത്തുടർന്നു സജി ചെറിയാനെതിരെ കേസെടുത്തെങ്കിലും, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പൊലീസ് തിരുവല്ല കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

സജി ചെറിയാൻ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതു പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോടു സ്ഥിരീകരിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്തു തീരുമാനമെടുത്തതായി ഗോവിന്ദൻ പറഞ്ഞു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എംവി ഗോവിന്ദൻ അറിയിച്ചു.

സജി ചെറിയാന്റെ പ്രസംഗവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങൾ എല്ലാം അവസാനിച്ചതാണെന്ന്, ചോദ്യത്തിനു മറുപടിയായി എംവി ഗോവിന്ദൻ പറഞ്ഞു. ഇതിൽ ഒന്നും മറച്ചുവയ്ക്കാനില്ല. നിയമപരമായ തടസ്സങ്ങളെല്ലാം കഴിഞ്ഞതാണ്. ഇതിനെത്തുടർന്നാണ് പാർട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്തു തീരുമാനമെടുത്തത്. സത്യപ്രതിജ്ഞാ തീയതി ഗവർണറുടെ സൗകര്യം കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രി തീരുമാനിക്കും.

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിൽ പ്രതിപക്ഷ നേതാക്കൾ പ്രകടിപ്പിച്ച എതിർപ്പു കാര്യമാക്കുന്നില്ല. അവർ എല്ലാത്തിനെയും എതിർക്കുന്നവരാണെന്ന് ഗോവിന്ദൻ പറഞ്ഞു.

കണ്ണൂരിലെ റിസോർട്ട് വിവാദത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചകളെക്കുറിച്ചു മാധ്യമങ്ങളോടു പറയാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. പാർട്ടിയിൽ നടക്കുന്ന ചർച്ചകൾ പുറത്തു പറയാൻ ഉദ്ദേശിക്കുന്നില്ല. മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു.

Top