‘പ്രസംഗത്തില്‍ ഒരു അബദ്ധവുമില്ല’; സജി ചെറിയാനെ ന്യായീകരിച്ച് ഇ പി ജയരാജന്‍

കണ്ണൂർ: പത്തനംതിട്ട മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ ഭരണഘടനയ്ക്ക് എതിരെ നടത്തിയ പ്രസംഗത്തെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പ്രസംഗത്തിൽ ഒരു അബദ്ധവുമില്ല. സദുദ്ദേശപരമായിരുന്നു പ്രസംഗം. ഭരണഘടനയോടും ജനാധിപത്യമൂല്യങ്ങളോടും കൂറ് പുലർത്തി പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ എന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

കോൺഗ്രസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് വിവാദമാക്കുന്നത്. ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് കോൺഗ്രസുകാരെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. ‘ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണം ഇടതുപക്ഷക്കാരിൽ നിന്നല്ല. വലതുപക്ഷ ശക്തികളിൽ നിന്നാണ് ആക്രമണം. വലതുപക്ഷ ശക്തികൾ, പിന്തിരിപ്പൻ ശക്തികൾ എന്നിവരുടെ താത്പര്യങ്ങൾക്ക് സംരക്ഷണം കൊടുക്കാൻ ഭരണഘടന സന്നദ്ധമാകാതെ വരുമ്പോൾ, ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണം ആരംഭിക്കും. അന്ന് ഭരണഘടനയെ സംരക്ഷിക്കാൻ, ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഇടതുപക്ഷം ഉണ്ടാവും. ആ ചുമതലയേറ്റെടുത്ത് പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം.’ – ഇ പി ജയരാജൻ പറഞ്ഞു.

Top