കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള ഗാന വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വസ്തുതകള്‍ മനസിലാക്കി പ്രശ്‌നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം പറഞ്ഞപ്പോള്‍ മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി നേരിട്ട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് വസ്തുതയാണ്. മറ്റ് കലാകാരന്മാര്‍ക്ക് ലഭിക്കുന്ന സഹായവും ബഹുമാനവും സാഹിത്യകാരന്മാര്‍ക്ക് ലഭിക്കുന്നില്ല. അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ശ്രീകുമാരന്‍ തമ്പി ഉള്‍പ്പടെ നിരവധി പേരില്‍ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. പാട്ടിന്റെ നിലവാരം തീരുമാനിക്കാന്‍ താനാളല്ല, അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാട്ടിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. മൂന്നുതവണ കമ്മിറ്റി ചേര്‍ന്നിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പിയെ ആദരവോടെ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും അബൂബക്കര്‍ പ്രതികരിച്ചു.

Top