ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

2015 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സജി ചെറിയാനെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

ചെങ്ങന്നൂര്‍ സ്വദേശിയായ സജി ചെറിയാന്‍ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നുവെങ്കിലും അയ്യായിരത്തിലധികം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ പിസി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു.

ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമാണ് കേരളത്തിലെന്നും കൂടുതല്‍ കരുത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള അവസരം കൈവന്നിരിക്കുകയാണെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിലെ ഡി.വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പി നേതാവ് അഡ്വ.ശ്രീധരന്‍ പിള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും.

Top