ചെങ്ങന്നൂരിലേത് മതനിരപേക്ഷതയുടെ വിജയം : ഡി.വൈ.എഫ്.ഐ

dyfi11

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന് ലഭിച്ച മികച്ച വിജയം മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ചെറുപ്പക്കാരുള്‍പ്പെടെയുള്ള മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും നല്ല കാലം സമ്മാനിച്ച എല്‍.ഡി.എഫ് സര്‍ക്കാരിനുള്ള പിന്തുണ വ്യക്തമാക്കുന്നതാണ് ഈ ജനവിധി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ജനങ്ങള്‍ നല്‍കിയ ഈ വിജയം കൂടുതല്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഊര്‍ജമായി കാണണം.

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ച ബി.ജെ.പിക്കും മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ച കോണ്‍ഗ്രസിനുമുള്ള കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ആസൂത്രിതമായ വര്‍ഗീയപ്രചരണമാണ് ആര്‍.എസ്.എസ് നേതാക്കള്‍ സംഘടിപിച്ചത്. നവമാധ്യമങ്ങളിലൂടെ നുണകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചു. എന്നാല്‍ ചെങ്ങന്നൂരിലെ പ്രബുദ്ധരായ ജനങ്ങള്‍ കുപ്രചരണങ്ങളെ തള്ളികളഞ്ഞതിന്റെ ഫലമാണ് ബി.ജെ.പിക്കുണ്ടായ ദയനീയ പരാജയം. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള വിധി എഴുത്ത് കൂടിയാണ് ചെങ്ങന്നൂരിലേത്. ഈ തെരെഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ യു.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്‌. പ്രതിപക്ഷ നേതാവിന്റെ സ്വന്തം ബൂത്തില്‍ പോലും യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്.

ചില മാധ്യമങ്ങള്‍ക്കും ചില അവതാരകര്‍ക്കും കൂടിയുള്ള മറുപടിയാണ് റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള സജി ചെറിയാന്റെ വിജയം. ജനാധിപത്യത്തില്‍ ജനങ്ങളാണ് വിധികര്‍ത്താക്കള്‍. അല്ലാതെ മാധ്യമ അവതാരകരല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍കൊണ്ട് ഇടതുപക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ കൂടിയാണ് ഇന്ന് പരാജയപ്പെട്ടത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാനെ വിജയിപ്പിക്കാന്‍ വോട്ട് ചെയ്ത മുഴുവന്‍ പേരെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

Top