സജി ബഷീറിന്റെ നിയമനക്കേസ് ;സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു

kerala-high-court

തിരുവനന്തപുരം: സജി ബഷീറിന്റെ നിയമനക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചു. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിജിലന്‍സ് കേസുള്ളതിനാല്‍ പ്രധാന പദവികളില്‍ നിയമിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

സജി ബഷീര്‍ സ്ഥിരം ജീവനക്കാരനല്ല, 5 വിജിലന്‍സ് കേസും 28 ദ്രുതപരിശോധനയും നടക്കുന്നുണ്ട്. കെല്‍പാം എംഡിയായുള്ള നിയമനം റദ്ദാക്കിയ കാര്യവും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം സജി ബഷീര്‍ നല്ല ഉദ്യോഗസ്ഥനല്ലെന്നും കോടതിയലക്ഷ്യം ഭയന്നാണ് അദ്ദേഹം നിയമിച്ചതെന്നും വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെയും അറിയിച്ചിരുന്നു.

സിഡ്‌കോ എം.ഡിയായിരിക്കെ നടത്തിയ അഴിമതിയടക്കം ഒട്ടേറെ കേസുകളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് സജി ബഷീര്‍. ഇ.പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ സജി ബഷീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സജി ബഷീര്‍ ഹൈകോടതിയില്‍ നിന്ന് അനുകൂല വിധി സ്വന്തമാക്കുകയായിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരിക്കുന്നത്.

Top