ഇനി കൂടുതല്‍ വിശദീകരിക്കണ്ട, എല്ലാം വ്യക്തമാക്കുന്ന അഭിമുഖം പുറത്ത്

കണ്ണൂര്‍: 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനും ഏറെ നാളുകള്‍ക്കു മുന്‍പ് പ്രാദേശിക ടിവി ചാനലിനു നല്‍കിയ സാജന്റെ അഭിമുഖ വിഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

നൈജീരിയയില്‍ നിന്നു വ്യത്യസ്തമായി കേരളത്തിലെ നിര്‍മാണ മേഖലയിലെത്തിയപ്പോള്‍ താങ്കള്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടാണു തോന്നിയത് എന്ന പ്രാദേശിക ചാനലിലെ മാധ്യമ പ്രവര്‍ത്തകന്റേ ചോദ്യത്തിന് ഊര്‍ജസ്വലതയോടെ സാജന്‍ മറുപടി പറയുന്നതാണ് വീഡിയോയിലുള്ളത്.

കേരളത്തിലെ നിര്‍മാണ മേഖലയില്‍ ഡോക്യുമെന്റേഷന്റെ പേരിലാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് സാജന്‍ അഭിമുഖത്തില്‍ പറയുന്നു. നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ തീര്‍ത്ത നൂലാമാലകളായിരുന്നു ആ പ്രവാസി വ്യവസായിക്ക് തിരിച്ചടിയായത്. ‘സര്‍ക്കാര്‍ സെക്ടറുകളില്‍ നിന്നുള്ള പിന്തുണ ഇവിടെ വളരെ മോശമാണ്. എന്തു കാര്യത്തിനു വേണ്ടിയാണെങ്കിലും സര്‍ക്കാര്‍ ഓഫിസുകളില്‍ പോകണം, അവിടെ വലിയ ബുദ്ധിമുട്ടുകളും. അതൊന്നു പരിഹരിച്ചാല്‍ കൂടുതല്‍ പേര്‍ വരും, നിക്ഷേപം വരും. നിലവിലെ സിസ്റ്റം മാറ്റിയെടുക്കാന്‍ സര്‍ക്കാരും ജനങ്ങളും തയാറാകണം. നല്ല അവസരങ്ങളും അതുവഴിയുണ്ടാകും…’ സാജന്‍ പറയുന്നു.

‘കണ്ണൂരിലിപ്പോള്‍ വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമാകുന്നു. ആ മാറ്റത്തില്‍ താല്‍പര്യപ്പെട്ടാണ് ഇവിടേക്കു വന്നത്. പക്ഷേ നിര്‍മാണ മേഖലയിലെ പ്രധാന വെല്ലുവിളി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു പിന്തുണയും തീരെ ഇല്ല എന്നുള്ളതാണ്. ഒരു സമയത്ത് വരുമ്പോള്‍ മണലിന്റെ പ്രശ്‌നം പറയും, അതിന്റെ പേപ്പറില്ല അങ്ങനെയങ്ങനെ. പിന്നെ കല്ലിന്റെ പ്രശ്‌നം, സിമന്റ്.. ഇങ്ങനെ ഓരോ സമയത്തും പ്രശ്‌നങ്ങള്‍. അങ്ങനെ മോശമായൊരു നിലയിലേക്ക് ബിസിനസ് പോകുന്നു. ഗവണ്മെന്റ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ വികസനത്തില്‍ ഉള്‍പ്പെടെ മാറ്റം വരും…’ സാജന്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍മാണ മേഖലയില്‍ വിജയം കണ്ടാല്‍ വിദ്യാഭ്യാസ, ആശുപത്രി മേഖലകളിലേക്കു കടക്കുന്നതു സംബന്ധിച്ച പഠനം നടക്കുകയാണെന്നും അതു വിജയിച്ചാല്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നുമുള്ള സ്വപ്നങ്ങളും പങ്കുവച്ചാണ് സാജന്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.

വര്‍ഷങ്ങളായി കയറ്റുമതി കമ്പനിയില്‍ ജനറല്‍ മാനേജരായി കുടുംബസമേതം നൈജീരിയയിലായിരുന്നു സാജന്റെ ജീവിതം. 20 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതത്തില്‍ നിന്നു ലഭിച്ച സമ്പാദ്യം നാടിനു കൂടി പ്രയോജനപ്പെടണമെന്നു കരുതിയാണു സാജന്‍ കണ്ണൂരില്‍ നിക്ഷേപത്തിനു തയാറായത്.

നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.

സാജന്റെ പരാതിയില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറില്‍ പരിശോധന നടത്തി. അപാകതയില്ലെന്നാണു ടൗണ്‍ പ്ലാനിങ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നു സാജന്റെ കമ്പനിയായ പാര്‍ഥ ബില്‍ഡേഴ്‌സ് അധികൃതര്‍ വ്യക്തമാക്കുന്നു. നിസ്സാര കാരണങ്ങള്‍ പറഞ്ഞു ഫയല്‍ പിടിച്ചുവയ്ക്കുകയാണെന്നു സാജന്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.

Top