ഒടുവിൽ ആ സ്വപ്നത്തിന് സാക്ഷാത്കാരം, പക്ഷേ, തെറിച്ച ‘പാപക്കറ’ ഇപ്പോഴുമുണ്ട് !

ധിക്കാരികളും അഴിമതിക്കാരും ഇല്ലാത്ത ലോകത്തിരുന്ന് സാജന്‍ ഇപ്പോള്‍ ആശ്വസിക്കുന്നുണ്ടാവും. സ്വന്തം ജീവന്‍ തന്നെ ബലി നല്‍കിയാണെങ്കിലും സാജന്റെ സ്വപ്നം ഒടുവില്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. ആന്തൂരില്‍ കോടികള്‍ മുടക്കി സാജന്‍ പണിത കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയ ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം പൂര്‍ണ്ണ അനുമതിയും ഉടന്‍ നല്‍കും.

തന്റെ സ്വപ്ന പദ്ധതിയായ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതില്‍ മനംനൊന്താണ് സാജന്‍ എന്ന പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തിരുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിന് മന:പൂര്‍വ്വം അനുമതി നിഷേധിച്ചതിന് നഗരസഭ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. പക്ഷേ ആരുടെ പ്രേരണയിലാണ് തങ്ങള്‍ ഇത്തരം നിലപാട് സ്വീകരിച്ചതെന്നത് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ ഇതുവരെ തുറന്ന് പറഞ്ഞിരുന്നില്ല.

ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളക്കെതിരെ ആയിരുന്നു എല്ലാ ആരോപണങ്ങളും. ‘താന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം അനുമതി നല്‍കില്ലെന്ന് ‘ അവര്‍ പറഞ്ഞതായി സാജന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയിരുന്നു. നഗരസഭ ഉദ്യോഗസ്ഥരെ തിരുത്തിക്കുന്ന കാര്യത്തില്‍ നഗരസഭ അധ്യക്ഷ അടക്കമുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായി പി. ജയരാജനും വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരത്തിന് എതിരായ നിലപാടാണ് സി.പി.എം സംസ്ഥാന കമ്മറ്റി ഈ വിഷയത്തില്‍ സ്വീകരിച്ചത്.

എം.വി ഗോവിന്ദന്‍ എന്ന കേന്ദ്ര കമ്മറ്റി അംഗത്തിന്റെ ഭാര്യയാണ് ശ്യാമള എന്നതിനാലാണ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് എന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല, പുറത്തും പാര്‍ട്ടി അണികളില്‍ ശക്തമായ രോഷം നിലനില്‍ക്കുന്നുണ്ട്. ശ്യാമള പറഞ്ഞത് ഉദ്യോഗസ്ഥര്‍ കേട്ടില്ലായിരുന്നു എങ്കില്‍ എന്തുകൊണ്ട് ആ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയില്ല എന്നതാണ് അവരുടെ ചോദ്യം.

തളിപ്പറമ്പ് എം.എല്‍.എ ഈ വിഷയത്തില്‍ ഇടപെട്ട് മന്ത്രിക്ക് കത്ത് നല്‍കിയിട്ട് പോലും നടപടിയുണ്ടാകാതിരുന്നത് ഗൗരവമായി പാര്‍ട്ടി കാണണമെന്നാണ് അണികളുടെ ആവശ്യം. പി. ജയരാജന്‍ സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയിലും സാജനു വേണ്ടി നിരന്തരം ഇടപെട്ടിരുന്നു. ഈ സമ്മര്‍ദ്ദങ്ങളെയെല്ലാം അതിജീവിക്കാന്‍ നഗരസഭക്ക് കഴിഞ്ഞത് ശ്യാമളയുടെ ഇടപെടല്‍ മൂലമാണെന്നാണ് ആക്ഷേപം. ഇതിന് വ്യക്തമായ ഒരു മറുപടി നല്‍കാന്‍ ഇതുവരെ ശ്യാമളയോ അവരുടെ ഭര്‍ത്താവ് എം.വി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇതും അണികളെ സംബന്ധിച്ച് സംശയമുയര്‍ത്താന്‍ കാരണമായിട്ടുണ്ട്.

നഗരസഭ ഉദ്യോഗസ്ഥരെ ബലിയാടാക്കി നഗരസഭ അധ്യക്ഷയെ രക്ഷപ്പെടുത്തിയതിനെ പ്രതിപക്ഷവും രൂക്ഷമായാണ് വിമര്‍ശിച്ചിരുന്നത്. ആത്മഹത്യ പ്രേരണ കുറ്റത്തിന് ശ്യാമളക്കെതിരെ കേസെടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കി സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കിയിരിക്കുന്നത്.

കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയെങ്കിലും സാജന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം ഇനിയും അവസാനിച്ചിട്ടില്ല. പൊലീസ് അന്വേഷണം അതിന്റെ വഴിക്ക് നടക്കുന്നുണ്ടെങ്കിലും അതൃപ്തി സാജന്റെ ബന്ധുക്കളിലും പ്രകടമാണ്. ഉറച്ച സി.പി.എം അനുഭാവിയുടെ കുടുംബത്തിന് പറ്റിയ ദുരന്തം പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. വീഴ്ച ഏത് ഉന്നത നേതാവിന്റെ അടുത്ത് നിന്നുണ്ടായാലും തിരുത്തല്‍ നടപടി അനിവാര്യമാണെന്ന നിലപാടിലാണവര്‍.

ചുവപ്പിനെ മാത്രം സ്‌നേഹിക്കുന്ന വലിയ ജനതയുള്ള നാട്ടില്‍ ചെങ്കൊടിയില്‍ വീണ പാപക്കറ നീക്കിയേ പറ്റൂ എന്ന ഉറച്ച നിലപാടിലാണ് അണികള്‍. എതിരാളികള്‍ക്ക് പാര്‍ട്ടിയെ അടിക്കാനുള്ള വക നേതൃത്വം ഉണ്ടാക്കരുതായിരുന്നു എന്ന അഭിപ്രായം നേതാക്കള്‍ക്കിടയിലും ശക്തമാണ്. സാധാരണ പാര്‍ട്ടി അംഗം മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം. പാര്‍ട്ടി ജനപ്രതിനിധികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് വ്യക്തമായി നിര്‍ദ്ദേശം നല്‍കുന്ന പാര്‍ട്ടിയാണിത്. അതുകൊണ്ടു തന്നെയാണ് നഗരസഭ അധ്യക്ഷയെ സംരക്ഷിക്കുന്ന നടപടി ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തല്‍ക്കാലം അവരെ മാറ്റി നിര്‍ത്താന്‍ പോലും തയ്യാറാകാതിരുന്നത് ചില നേതാക്കളുടെ പിടിവാശി മൂലമാണെന്നാണ് ആക്ഷേപം. ഇത് എന്തിനു വേണ്ടിയായിരുന്നു എന്ന ചോദ്യമാണ് പാര്‍ട്ടി കമ്മറ്റികളില്‍ ഇപ്പോള്‍ ഉയരുന്നത്. ഒരു സാധാരണ നഗരസഭ അധ്യക്ഷ ആയിരുന്നു ശ്യാമളയുടെ സ്ഥാനത്തെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമായിരുന്നില്ലേ എന്ന ചോദ്യത്തിനും സി.പി.എം നേതൃത്വത്തിന് വ്യക്തമായ മറുപടിയില്ല.

പാര്‍ട്ടി അച്ചടക്കം മുന്‍നിര്‍ത്തി പ്രതികരിക്കാത്ത പ്രാദേശിക നേതാക്കള്‍ പോലും ആന്തൂര്‍ വിഷയത്തില്‍ ആകെ അസ്വസ്ഥരാണ്. ജനരോക്ഷത്തെ മുഖവിലക്കെടുക്കാതെ ആരെ സംരക്ഷിക്കാന്‍ നോക്കിയാലും അത് സി.പി.എമ്മിന് ഒടുവില്‍ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Express View

Top