കശ്യപുമായുള്ള വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് സൈന നെഹ്‌വാള്‍

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ താരം പി കശ്യപുമായുള്ള വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. കശ്യപുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹിതരാകുകയാണെന്ന വാര്‍ത്ത ശരിയാണെന്നും സൈന വ്യക്തമാക്കി.

ഡിസംബര്‍ 16നാണ് വിവാഹമെന്ന് സൈന അറിയിച്ചു. ഡിസംബര്‍ 20 മുതല്‍ ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെയും പിന്നീട് ടോക്കിയോ ഒളിമ്പിക്സിനായുള്ള ക്വാളിഫൈയിങ് മത്സരങ്ങളുടെയും തിരക്കിലാകുന്നതിനാലാണ് ഈ തീയതി തെരഞ്ഞെടുത്തതെന്നും സൈന പറഞ്ഞു. 2007-08 വര്‍ഷങ്ങളിലാണ് തങ്ങള്‍ ഒരുമിച്ച് യാത്രചെയ്യാന്‍ തുടങ്ങിയതെന്ന് സൈന പറയുന്നു.

മറ്റൊരാളുമായി അടുക്കുന്നത് അത്ര എളുപ്പമല്ലെന്നും പരസ്പരം മനസിലാക്കാനും വിലയിരുത്താനും തങ്ങള്‍ക്ക് കഴിഞ്ഞെന്നും സൈന പറഞ്ഞു. തങ്ങള്‍ എല്ലായ്‌പ്പോഴും ഒരുമിച്ച് ഉണ്ടായിരുന്നതിനാല്‍ പ്രണയത്തെക്കുറിച്ച് മാതാപിതാക്കളോട് അറിയിക്കേണ്ടി വന്നില്ലെന്നും സൈന പറഞ്ഞു.

Top