ട്രെയിനര്‍മാരുടെയും ഫിസിയോയുടെയും സേവനം ലഭ്യമാക്കാൻ സമ്മതിക്കണം; സൈന നേവാൾ

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് ജനുവരി 12 ന് തുടങ്ങാനിരിക്കെ അതൃപ്തി പ്രകടിപ്പിച്ച് സൈന നേവാള്‍. ട്രെയിനര്‍മാരെയും ഫിസിയോയെയുമെല്ലാം ഒരുപാട് പണം ചെലവിട്ടാണ് തായ്‌ലന്‍ഡില്‍ എത്തിച്ചിരിക്കുന്നതെന്നും എന്നിട്ടും അവരുടെ സേവനം ലഭ്യമാക്കാന്‍ അധികൃതര്‍ സമ്മതിക്കാത്തത് കളിയെ ബാധിക്കുമെന്നാണ് സൈന അഭിപ്രായപ്പെടുന്നത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.

‘ഫിസിയോയ്ക്കും ട്രെയ്‌നര്‍ക്കും ടൂര്‍ണമെന്റിനിടെ കാണാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിട്ടും നാലാഴ്ചയോളം കാണാതിരിക്കുന്നത് എങ്ങനെയാണ്? അത് കളിയെ ബാധിക്കും. ടൂര്‍ണമെന്റ് പഴയ രീതിയില്‍ നടക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. പരിശീലനത്തിനും ജിമ്മിലുമെല്ലാം താരങ്ങള്‍ക്ക് ഒരു മണിക്കൂര്‍ മാത്രമാണ് ചെലവഴിക്കാന്‍ സമയം നല്‍കുന്നത്. കളിയ്ക്കിടെ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പരിശീലകര്‍ക്കും ഫിസിയോയ്ക്കും സാധിക്കില്ല. ട്രെയിനര്‍മാരെയും ഫിസിയോയെയുമെല്ലാം ഒരുപാട് പണം ചെലവിട്ടാണ് തായ്‌ലന്‍ഡില്‍ എത്തിച്ചിരിക്കുന്നത്. എന്നിട്ടും അവരുടെ സേവനം ലഭ്യമാക്കാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ല.’ – സൈന വ്യക്തമാക്കി.

ചൈനീസ് തായ്‌പേയുടെ തായ് സു യിങ്ങും ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മാരിനും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്. സൈനയെക്കൂടാതെ പി.വി.സിന്ധു, സായ് പ്രണീത്, കിഡംബി ശ്രീകാന്ത് തുടങ്ങിയവരും ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ കോവിഡിന്റെ സാന്നിധ്യമുണ്ട്. കോവിഡ് മൂലം ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ട മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

Top