സൂപ്പര്‍താരങ്ങളുടെ പോരാട്ടത്തില്‍ സിന്ധു വീണു; സൈന സ്വര്‍ണം സ്വന്തമാക്കി

saina12

ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഏറ്റുമുട്ടിയ കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബാഡ്മിന്റന്‍ മല്‍സരത്തില്‍ പി.വി. സിന്ധുവിനെ തകര്‍ത്ത് സൈന നെഹ് വാള്‍ സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്.

റാങ്കിങ്ങില്‍ വളരെ മുന്നിലുള്ള സിന്ധുവിനെ അട്ടിമറിച്ചായിരുന്നു സൈനയുടെ വിജയം.ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് സൈന. മൂന്നാം സ്ഥാനത്താണ് പിവി സിന്ധു.മികച്ച പോരാട്ടമായിരുന്നു ഇരുവരും ഫൈനലില്‍ കാഴ്ചവെച്ചത്.

ആദ്യ ഗെയിം മേധാവിത്വത്തോടെ റാക്കറ്റേന്തി സൈന സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 19-ാം പോയിന്റ് വരെ മുന്നിട്ട് നിന്നു. അവസാന നിമിഷങ്ങളില്‍ സിന്ധു പതറിയതോടെ സൈന മല്‍സരം വരുതിയിലാക്കുകയായിരുന്നു.

21- 18 എന്ന സ്‌കോറിലായിരുന്നു ആദ്യ ഗെയിം പൂര്‍ത്തിയാക്കിയത്. മികച്ച ഷോട്ടുകളം പ്ലേസ്‌മെന്റുമായി സൈനയുടെ കൈയ്യില്‍ തന്നെയായിരുന്നു ഭൂരിഭാഗം സമയവും കളി. 23- 21 എന്ന സ്‌കോറില്‍ രണ്ടാമത്തെ ഗെയിമും സൈന സ്വന്തമാക്കി വിജയം ഉറപ്പിക്കുകയായിരുന്നു.

21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ന് സമാപിക്കും. 26 സ്വര്‍ണവും 17 വെള്ളിയും 19 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

Top