‘ഇത് എന്തുതരത്തിലുള്ള പിന്തുണയാണ്?’ പ്രതിഷേധവുമായി സൈന

2018 കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീം ഒഫീഷ്യല്‍സിന്റെ പട്ടികയില്‍ നിന്ന് തന്റെ അച്ഛനെ ഒഴിവാക്കിയെന്ന ആരോപണവുമായി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. നേരത്തെ സൈനയുടെ അച്ഛനെയും ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ അമ്മയെയും കായികമന്ത്രാലയം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗെയിംസ് വില്ലേജിലെത്തിയ ശേഷമാണ് അച്ഛന്റെ പേര് ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ടതെന്ന് സൈന പറയുന്നു. പട്ടികയില്‍ പേരില്ലെങ്കില്‍ ഗെയിംസ് വില്ലേജില്‍ പ്രവേശിക്കാനോ മത്സരങ്ങള്‍ കാണാനോ കഴിയില്ല.

നടപടിയോട് അതിരൂക്ഷമായാണ് സൈന പ്രതികരിച്ചത്. അച്ഛനെ ഒഴിവാക്കിയതിലൂടെ എന്ത് തരത്തിലുള്ള പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്ന് സൈന ചോദിച്ചു. എല്ലാ മത്സരങ്ങള്‍ക്കും അച്ഛന്‍ തനിക്കൊപ്പമുണ്ടാകാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയാണ് തന്റെ കരുത്ത്. ഇങ്ങനെയൊരു സാഹചര്യം ആരും മുന്‍കൂട്ടി അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും സൈന ചോദിക്കുന്നു.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സംഭവത്തോട് കായികമന്ത്രാലയമോ ബന്ധപ്പെട്ട അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നാളെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമാകുക.

Top