അപകടത്തിലേക്ക് നയിച്ചത് സൈജുവിന്റെ ഭയാനകമായ ചേസിങ്; കസ്റ്റഡിയില്‍ തുടരും

കൊച്ചി: ദേശീയപാതയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. മോഡലുകളുടെ മരണത്തിനു കാരണം സൈജു പിന്തുടര്‍ന്നതാണ് എന്നത് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

പെണ്‍കുട്ടികളെ ഇയാളില്‍നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് അബ്ദുല്‍ റഹ്‌മാന്‍ അതിവേഗത്തില്‍ വാഹനം ഓടിച്ചത് എന്നും പ്രോസിക്യൂഷന്‍ പറയുന്നു. സൈജു വാഹനവുമായി പിന്തുടര്‍ന്നിരുന്നില്ലെങ്കില്‍ മൂന്നു പേരും ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നു. കേസില്‍ ഒന്നാം പ്രതിയാകേണ്ടത് സൈജു തങ്കച്ചനാണ് എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഇയാള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്. കാട്ടുപോത്തിനെ വെടിവച്ചത് ഉള്‍പ്പെടെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ഉള്ള കാര്യം കോടതി എടുത്തു ചോദിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളുടെ സാഹചര്യത്തിലാണ് ഇയാളെ മൂന്നു ദിവസത്തേക്കു കൂടി കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

Top