സെയ്ഫ് – കരീന ദമ്പതികളുടെ ഇളയ മകന്‍ ജെ അല്ല, ജഹാംഗീര്‍

ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലിഖാന്റേയും കരീന കപൂറിന്റേയും രണ്ടാമത്തെ കുഞ്ഞിന്റെ പേര് നടിയുടെ അച്ഛനും നടനുമായ രണ്‍ദീര്‍ കപൂര്‍ വെളിപ്പെടുത്തിയ വാര്‍ത്ത വലിയ സ്വീകാര്യതയോടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജെ എന്നാണ് രണ്ടാമത്തെ ആണ്‍കുട്ടിയുടെ പേരെന്നും ഇരുമ്പ് എന്നാണ് ഇതിന് അര്‍ഥമെന്നുമാണ് രണ്‍ദീര്‍ പറഞ്ഞത്.

എന്നാല്‍ കരീന- സെയ്ഫ് ദമ്പതികളുടെ ഇളയമകന്റെ പേര് ജെ എന്ന് അല്ലെന്നും ജഹാംഗീര്‍ എന്നാണെന്നും കരീനയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ വിശദമാക്കുന്നു. പ്രഗ്‌നന്‍സി ബൈബിള്‍ എന്ന ടൈറ്റിലില്‍ പുറത്തിറങ്ങിയ പുസ്തകത്തിലാണ് രണ്ടാമത്തെ കുട്ടിയുടെ പേരിന്റെ സ്ഥാനത്ത് ജഹാംഗീര്‍ എന്ന് കുറിച്ചിരിക്കുന്നത്.

മുഗള്‍ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവര്‍ത്തിയായ ജഹാംഗീറിന്റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കരീന കുഞ്ഞിന് പേരിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.നേരത്തെ ആദ്യത്തെ കുട്ടി തൈമൂറിന്റെ പേര് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. തുര്‍ക്കി സാമ്രാജ്യത്തിന്റെ ഭരണാധികാരിയും ഒരുപാട് മനുഷ്യരെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയുമായ തൈമൂറിന്റെ പേര് നല്‍കിയതിനാണ് സെയ്ഫിനും കരീനയ്ക്കുമെതിരെ വിമര്‍ശനം ഉയര്‍ന്നത്.

 

Top