സെയ്ഫ് അലി ഖാന്റെ വെബ്സീരീസ് താണ്ഡവിനെതിരെ പ്രതിഷേധം

സെയ്ഫ് അലി ഖാന്റെ വെബ്സീരീസ് താണ്ഡവിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സീരീസ് വിശ്വാസികളെ പരിഹസിക്കുന്നുവെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. തുടർന്ന് #Bantandavnow ഹാഷ്ടാഗുമായി ചിത്രം നിരോധിക്കാനുള്ള പ്രഖ്യാപനങ്ങളും ഉയർന്നിരിക്കുകയാണ്. പൊളിറ്റിക്കൽ ഡ്രാമ വെബ്സീരീസായ താണ്ഡവ് 15-നാണ് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തത്. തുടർന്ന് ഇത് ‘ഹിന്ദുവിരുദ്ധ പരമ്പരയാണെ’ന്ന് വിശേഷിപ്പിച്ച് നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ചിത്രം ദളിത് വിരുദ്ധമാണെന്നും ഹിന്ദുക്കൾക്കെതിരായുള്ള വർഗീയ വിദ്വേഷം നിറഞ്ഞതാണെന്നും ബിജെപി നേതാവായ കപിൽ മിശ്ര ആരോപിച്ചു.

നേരത്തെ പ്രഭാസിനൊപ്പം സെയ്ഫ് അലിഖാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രവുമായി ബന്ധപ്പെട്ടും ഇത്തരം വിവാദമുണ്ടായിരുന്നു. രാവണന്‍ കഥാപാത്രത്തിന്റെ മാനുഷിക മൂല്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സെയ്ഫ് സംസാരിച്ചതായിരുന്നു വിവാദത്തിനു കാരണം. ഈ പരാമര്‍ശത്തിന് താരം പിന്നീട് ക്ഷമ ചോദിക്കുകയായിരുന്നു. അലി അബ്ബാസ് സഫറാണ് താണ്ഡവ് സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലിഖാന്‍, മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവരെക്കൂടാതെ ഡിംപിള്‍ കപാഡിയ. സുനില്‍ ഗ്രോവര്‍, കൃതിക കമ്ര എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

Top