ഞാൻ ഇടതുപക്ഷക്കാരൻ, വെളിപ്പെടുത്തി സെയ്ഫ് അലി ഖാൻ

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സെയ്ഫ് അലിഖാൻ-ഹൃത്വിക് റോഷൻ ടീമിന്റെ വിക്രം വേദ. ചിത്രത്തിൽ എൻകൗണ്ടർ സ്പെഷലിസ്റ്റായ വിക്രം ആയാണ് സെയ്ഫ് എത്തുന്നത്. എന്നാൽ ഈ കഥാപാത്രത്തിന്റെ ചിന്തകളോടും പ്രവൃത്തികളോടും ഒരിക്കലും യോജിക്കാനാവില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. താൻ വിശാലമായ കാഴ്ചപ്പാടുള്ള ഒരു ഇടതുപക്ഷക്കാരനാണെന്നും സിനിമയിലായാൽപ്പോലും ഏറ്റുമുട്ടലുകൾ കാണുമ്പോൾ അസ്വസ്ഥനാകുമെന്നും സെയ്ഫ് പറഞ്ഞു.

വിക്രം വേദയുടെ പ്രചാരണത്തിനിടെയാണ് സെയ്ഫ് അലി ഖാൻ ഇക്കാര്യം പറഞ്ഞത്. മാഫിയ പ്രശ്നം നിയന്ത്രണാതീതമാകുമ്പോൾ, ഒരു കുറ്റവാളിയെ വെടിവച്ച് കൊല്ലുന്നു. യഥാർത്ഥത്തിൽ അയാൾ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണോ അതോ വധിക്കുകയായിരുന്നോ എന്ന് അറിയിക്കാതെ തന്നെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വധിക്കപ്പെട്ടതായി രേഖകളുണ്ടാക്കുന്നു. അതിനെയാണ് ഏറ്റുമുട്ടൽ അഥവാ ‘വ്യാജ ഏറ്റുമുട്ടൽ’ എന്ന് പറയുന്നത്. അത് പൂർണ്ണമായും നിയമ വിരുദ്ധമാനെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് താരം പറഞ്ഞു.

“എന്നാൽ ഇങ്ങനെയൊരു സംഭവം സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു. എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. എന്നാൽ താനൊരു നല്ല വ്യക്തിയാണെന്ന് എൻ്റെ കഥാപാത്രത്തിന് ബോധ്യമുണ്ട്. കാരണം, ഇത് ആവശ്യമായതാണെന്ന് അദ്ദേഹം കരുതുന്നു”, സെയ്ഫ് അലി ഖാൻ പറഞ്ഞു.

എല്ലാത്തിനുമപ്പുറം ഞാനൊരു ഇടതുപക്ഷക്കാരനാണ്. ഇക്കാലത്ത് ഇങ്ങനെയൊന്നും പറയാനാവുന്ന സാഹചര്യമാണോ എന്നറിയില്ല. പക്ഷേ, അതെ. താൻ‌ ലിബറലും വിശാലമായ ചിന്താ​ഗതിയുള്ളയാളുമാണ്. വിധിക്ക് മുമ്പ് എല്ലാവർക്കും ന്യായമായ വിചാരണയുണ്ടാകണമെന്ന് താനാ​ഗ്രഹിക്കുന്നുവെന്നും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.

പുഷ്കർ-​ഗായത്രി ടീമിന്റെ സംവിധാനത്തിൽ 2017-ൽ വന്ന ഇതേ പേരിലുള്ള തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് പുതിയ ബോളിവുഡ് ചിത്രം. പുഷ്കർ-​ഗായത്രി സംവിധായകർ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 30-ന് തിയേറ്ററുകളിലെത്തും.

Top