പ്രഭാസ് ചിത്രം ആദിപുരുഷിൽ നിന്ന് സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യം

സംവിധായകൻ ഓം റൗട്ട് ഒരുക്കുന്ന ചിത്രം ആദിപുരുഷിൽ നിന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം. രാമായണകഥയെ പ്രമേയമാക്കിയുള്ള പ്രഭാസ് ചിത്രത്തിൽ താൻ അവതരിപ്പിക്കുന്ന രാവണനെ മാനുഷികമായ കണ്ണോടെയാണ് ചിത്രം സമീപിക്കുന്നതെന്നു പറഞ്ഞതാണ് സെയ്ഫിനെതിരെ പ്രതിഷേധമുയരാൻ കാരണം.

“ഒരു അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് വളരെ കൗതുകമുള്ള സം​ഗതിയാണ്. കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകൾ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ മറ്റൊരു കാഴ്ചപ്പാടിലൂടെ ചിത്രത്തിൽ അവതരിപ്പിക്കും.” സെയ്‍ഫ് പറഞ്ഞു. എന്നാൽ #WakeUpOmraut , #BoycottAdipurush എന്ന ഹാഷ്ടാ​ഗുകളോടെയാണ് സെയ്ഫിനെതിരേയുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത്.

ചിത്രത്തിൽ സെയ്ഫിന് പകരം റാണ ദ​ഗ്​ഗുബാട്ടി, യഷ് തുടങ്ങിയ തെന്നിന്ത്യൻ നടൻമാരെ പരി​ഗണിക്കണമെന്നും ഇവർ പറയുന്നു. ത്രിഡി രൂപത്തിൽ ഒരുക്കുന്ന ആദിപുരുഷ് ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. തമിഴ്, മലയാളം, കന്നഡ ഭാഷകൾക്കു പുറമേ വിദേശ ഭാഷകളിലും ആദിപുരുഷ് ഡബ് ചെയ്യും. ടി സീരീസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതർ, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പ്രീ പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്. 2022-ൽ റിലീസിനായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Top