രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് സെയ്ഫ് അലി ഖാൻ

സംവിധായകൻ ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൽ നിന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമുയർന്നതിന് പിന്നാലെ രാവണനെ കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പുപറഞ്ഞ് താരം രംഗത്ത്. രാമായണകഥയെ പ്രമേയമാക്കിയുള്ള പ്രഭാസ് ചിത്രത്തിൽ താൻ അവതരിപ്പിക്കുന്ന രാവണനെ മാനുഷികമായ കണ്ണോടെയാണ് ചിത്രം സമീപിക്കുന്നതെന്നു പറഞ്ഞതാണ് സെയ്ഫിനെതിരെ പ്രതിഷേധമുയരാൻ കാരണം.

‘ഒരു അഭിമുഖത്തിനിടെ എന്റെ പ്രസ്താവന വിവാദത്തിന് കാരണമായെന്നും, അത് വികാരത്തെ വ്രണപ്പെടുത്തിയെന്നും മനസിലാക്കുന്നു. അത് മനഃപൂര്‍വം ചെയ്തതല്ല. എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. എന്റെ പ്രസ്താവന പിന്‍വലിക്കാനും ആഗ്രഹിക്കുന്നു. രാമന്‍ എപ്പോഴും എന്നെ സംബന്ധിച്ചിടത്തോളം നീതിയുടെയും വീരതയുടെയും പ്രതീകമാണ്. തിന്മയ്ക്കെതിരായ നന്മയുടെ വിജയം ആഘോഷിക്കുന്നതാണ് ആദിപുരുഷ്. ഇതിഹാസ കഥയ്ക്ക് യാതൊരു വികലവും വരുത്താതെ അവതരിപ്പിക്കാന്‍ മുഴുവന്‍ ടീമും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു’ എന്ന് സെയ്ഫ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. 2021 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിൻ്റെ ബജറ്റ് 450 കോടിയാണ്.

Top