കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി

പാലക്കാട്: കേരളത്തില്‍ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് പാര്‍ട്ടി ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാന്‍ ബിജെപി നീക്കം നടത്തുന്നു. എല്‍ഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവര്‍ പറയുന്നത്. പിന്നേത് കാലത്താണ് വികസനം വരേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

നാടിനെതിരായ ശക്തികള്‍ക്കേ വികസന പദ്ധതികള്‍ക്കെതിരെ നില്‍ക്കാനാവൂ. ഞങ്ങള്‍ക്ക് അനാവശ്യ ദുര്‍വാശിയില്ല. പക്ഷെ സര്‍ക്കാരെന്തിന് നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് വഴിപ്പെടണം? അതല്ലല്ലോ സര്‍ക്കാര്‍. വാശിയോ പിടിവാശിയോ ദുര്‍വാശിയോ അല്ല, മറിച്ച് നാട് മുന്നോട്ട് പോകണമെന്ന തീരുമാനം മാത്രമാണ്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സ്ഥലമെടുക്കലിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ. വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. നാട് മുന്നോട്ട് പോകണം. ഇവരെല്ലാം ചെറിയ കൂട്ടരാണെന്നും അദ്ദേഹം പരിഹസിച്ചു.

ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. മതം നോക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാഹുല്‍ ഗാന്ധി ഞാന്‍ ഹിന്ദുവാണെന്ന് വലിയ റാലിയില്‍ പറയുന്നു. ഇവിടെ ഹിന്ദുവിന്റെ ഭരണമാണ് വേണ്ടതെന്ന് പറയുന്നു. എന്താണ് അതിന് അര്‍ത്ഥം?

വര്‍ഗീയതയോട് എന്നും ഒത്തു പോവുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നയം രാജ്യം തിരിച്ചറിഞ്ഞു. പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് കൂട്ടമായി ചേക്കേറുകയാണ്. ബിജെപിക്ക് പലരെയും സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Top