നാഥനില്ലാക്കളരി പരാമര്‍ശം; തരൂരിന് എതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയാണെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷന്‍ ഉണ്ടാകണം എന്നത് എല്ലാവരുടെയും താത്പര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഒരു പുതിയ ധാര്‍മികത രാഹുലിന്റെ രാജി ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അതിന് അതിന്റേതായ വില നല്‍കേണ്ടതുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

പാര്‍ട്ടി അധ്യക്ഷനെ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്നുമാണ് ശശി തരൂര്‍ നടത്തിയ പ്രസ്താവന. പാര്‍ട്ടിയില്‍ നില്‍ക്കുന്നത് എന്തിനെന്നു നേതാക്കള്‍ക്ക് തോന്നുന്ന സാഹചര്യമുണ്ടാകരുത്. പ്രിയങ്ക ഗാന്ധി പ്രസിഡന്റായാല്‍ നല്ലതാണ്. ഗാന്ധി കുടുംബത്തിന് താന്‍ എതിരല്ലെന്നും തരൂര്‍ പറഞ്ഞിരുന്നു.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലെങ്കില്‍ പുറത്തുനിന്ന് പ്രസിഡന്റ് വരണം. പാര്‍ട്ടി വാതിലുകള്‍ എല്ലാവര്‍ക്കുവേണ്ടിയും തുറന്നിടണം. എന്നാല്‍ ആര്‍ക്കും ഇതൊന്നും തുറന്നു പറയാന്‍ ധൈര്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി. താന്‍ പാര്‍ട്ടി അധ്യക്ഷനാകാനില്ലെന്നും എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Top