മോദി പരാമര്‍ശം വ്യക്തിപരം; നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ പ്രശംസിക്കണമെന്നും തരൂര്‍

തിരുവനന്തപുരം: മോദിയെ കുറിച്ചുളള തന്റെ പരാമര്‍ശം വ്യക്തിപരമെന്ന് ശശി തരൂര്‍ എംപി. നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം. എല്ലാ സമയത്തും കുറ്റം പറഞ്ഞ് കൊണ്ടിരുന്നാല്‍ ആളുകള്‍ നമ്മെ വിശ്വസിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും തരൂര്‍ പറഞ്ഞു.

നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ വ്യക്തിബന്ധത്തില്‍ പ്രശംസിക്കുമ്പോള്‍ രാഷ്ട്രീയത്തിലും എന്തുകൊണ്ട് ആയിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.മോദി ചെയ്ത ചില കാര്യങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. അദ്ദേഹം ബിജെപിയുടെ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. കുറ്റംപറയാന്‍ നിരവധി കാര്യങ്ങളുണ്ട് എന്നിരിക്കെ തന്നെ നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കുകയും വേണം. 100-ല്‍ 99 തെറ്റുകള്‍ ചെയ്താലും ഒരു ശരിയുണ്ടെങ്കില്‍ അത് പറഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നമ്മുടെ വിശ്വാസ്യത ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ എല്ലായ്പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷും അഭിഷേക് മനു സിങ്വിയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തരൂര്‍ മോദിയെ പ്രശംസിച്ച് രംഗത്ത് വന്നത്.

Top