സാഹിത്യോത്സവം;വിമാനക്കൂലി ചെലവാക്കിയത് 7,03,039 രൂപ,ചുള്ളിക്കാടിന് 2,400 രൂപ മാത്രം

കൊച്ചി: സാഹിത്യഅക്കാദമിയില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവര്‍ക്ക് വിമാനക്കൂലി ഇനത്തില്‍ സാഹിത്യഅക്കാദമി ചെലവാക്കിയത് 7,03,039 രൂപ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുളള മറുപടിയിലാണ് അക്കാദമി ചെലവ് വിവരം വെളിപ്പെടുത്തിയത്. സാഹിത്യോത്സവത്തില്‍ പങ്കെടുത്തതിന് അക്കാദമി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 2,400 രൂപ മാത്രം നല്‍കിയതില്‍ അദ്ദേഹം പ്രതിഷേധിച്ചിരുന്നു.

കേരള ജനത തനിക്ക് നല്‍കുന്ന വില എന്താണെന്ന് ശരിക്കും മനസ്സിലായത് കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ് എന്നായിരുന്നു സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ ചുളളിക്കാട് ആരോപിച്ചത്. കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ക്ഷണം. വിഷയത്തില്‍ രണ്ട് മണിക്കൂര്‍ സംസാരിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പ്രതിഫലമായി 2,400 രൂപയാണ് അക്കാദമി നല്‍കിയത്. എറണാകുളത്ത് മിന്നും തൃശൂര്‍ വരെ ടാക്സിയില്‍ പോയതിന് വെയിറ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3,500 രൂപയാണ് ചെലവായത്. ഇതില്‍ നിന്നും 2,400 രൂപ കഴിച്ച് 1,100 രൂപ നല്‍കിയത് സീരിയലില്‍ അഭിനയിച്ച് നേടിയ കാശ് കൊണ്ടാണെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.

4.83 ലക്ഷം രൂപയ്ക്ക് അതിഥികള്‍ക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയെന്നും 2.19 ലക്ഷം രൂപ സ്വന്തമായി ടിക്കറ്റ് എടുത്ത വകയില്‍ മടക്കി നല്‍കിയെന്നും മറുപടിയില്‍ പറയുന്നു. യാത്രാ ചെലവും ഓണറേറിയവുമായി 8.10 ലക്ഷം രൂപ അതിഥികള്‍ക്ക് നല്‍കിയെന്നും മറുപടിയില്‍ വ്യക്തമാക്കി. ജനുവരി 28 മുതല്‍ ഫെബ്രുവരി 4 വരെയായിരുന്നു സാഹിത്യോത്സവം.അതിഥികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ഇനത്തില്‍ 11,900 രൂപയാണ് ചെലവായത്. കലാപരിപാടികള്‍ക്കായി ആകെ ചെലവായത് 7.50 ലക്ഷം രൂപയാണെന്നും മറുപടിയില്‍ പറയുന്നു.

Top