ഇറാനിലെ ആഞ്ജലീന ജോളി സഹർ തബറിന് 10 വർഷം തടവ്

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന പേരിൽ വാർത്തകളിലിടം നേടിയ ഇറാൻ സ്വദേശി സഹർ തബറിന് 10 വർഷം തടവ്. സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെ തെറ്റായി സ്വാധീനിക്കുക, മതനിന്ദ, അക്രമത്തിന് പ്രേരിപ്പിക്കുക, അനധികൃതമായി പണം സമ്പാദിക്കൽ, യുവാക്കളെ അഴിമതിക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സഹർ തബറിനെ അറസ്റ്റ് ചെയ്തത്. 2019 ഒക്ടോബറിലാണ് സഹർ തബർ എന്നറയിപ്പെടുന്ന ഫാത്തിമ ഖിഷ്വന്തിനെ അറസ്റ്റ് ചെയ്തത്. സഹറിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. സഹറിനെ കുറ്റവിമുക്തയാക്കി വെറുതെ വിടണമെന്നാവശ്യപ്പെട്ട് ലോകമൊട്ടാകെയുള്ള മനുഷ്യാവകാശ പ്രവർത്തകർ രം​ഗത്ത് വന്നിട്ടുണ്ട്. സോഷ്യൽമീഡിയയിൽ ആരാധകരെ രസിപ്പിക്കാൻ ചെയ്ത തമാശകളാണ് സഹറിനെ അഴിക്കുള്ളിൽ ആക്കിയതെന്നും സഹറിന്റെ ജയിൽ മോചനത്തിന് ആഞ്ജലീന ജോളി ഇടപെടണമെന്നും ഇറാനിയൻ മാധ്യമപ്രവർത്തകയായ മസീഹ് അലീൻജദ് പറയുന്നു.

ആഞ്ജലീനയെപ്പോലെയാവാൻ താൻ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു പത്തൊമ്പതുകാരിയായ സഹർ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹർ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാൻ എന്തും ചെയ്യുമെന്നും ഭാരം നാൽപത് കിലോയിൽ കൂടാതിരിക്കാൻ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയെന്നും സഹർ പറഞ്ഞിരുന്നു.ശസ്ത്രക്രിയക്കുശേഷമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് മാസങ്ങൾക്കുള്ളിൽ 325000 ചിത്രങ്ങളാണ് സഹർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്. തുടക്കത്തിൽ പലരും സഹറിനെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്തെങ്കിലും പിന്നീട് കടുത്ത വിമർശനവും പരിഹാസവുമായി. സഹർ സർജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നു.

Top