sagav teach real life of comrades

പ്രതീക്ഷിച്ച ആവേശമൊന്നും ഉണ്ടാക്കിയില്ല നിവിന്‍ പോളിയുടെ സഖാവെങ്കിലും പുതിയ തലമുറയിലെ സഖാക്കള്‍ക്ക് ഒരു സഖാവ് എങ്ങനെ ആയിരിക്കണമെന്നത് കാട്ടിക്കൊടുക്കുന്ന സിനിമയാണിത്.രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ‘സഖാവ്’ കടന്നുപോകുന്നത്.

ജന്മിത്വത്തിനും മുതലാളിത്വത്തിനും എതിരായി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ പണ്ട് തോട്ടം മേഖലകളില്‍ നടന്ന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നായകനെയാണ് പഴയ കാലഘട്ടത്തില്‍ പ്രതിപാദിക്കുന്നത്.

പുതിയ കാലഘട്ടത്തില്‍ പാര്‍ട്ടി ഭരിക്കുന്ന സര്‍വ്വീസ് സഹകരണ ബാങ്കിലെ നിയമനത്തില്‍ കൈകൂലി വാങ്ങുകയും പാര്‍ട്ടിയില്‍ ഉന്നത പദവിയിലെത്താന്‍ സഹപ്രവര്‍ത്തകനെ വരെ മര്‍ദ്ദിച്ച് ഒതുക്കാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയുമുള്ള കമ്മ്യൂണിസ്റ്റുകാരനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.രണ്ട് വേഷവും കൈകാര്യം ചെയ്തത് നിവിന്‍ പോളി തന്നെയാണ്.

എസ്എഫ്‌ഐ യോട് സാമ്യത തോന്നും പോലെ എസ് എഫ് കെ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ ജോ.സെക്രട്ടറിയായിട്ടാണ് പുതിയ കാലഘട്ടത്തിലെ നായകനായ കൃഷ്ണകുമാറിനെ നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

ആദ്യത്തെ 30 മിനുട്ടു കണ്ടാല്‍ സിനിമ ഇടതു വിരുദ്ധ സിനിമയാണെന്ന പ്രതീതിയാണ് ഉണ്ടാക്കുക. വിദ്യാര്‍ത്ഥി സഖാവിന്റെ ഇടപെടലുകളെ അത്തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

പാര്‍ട്ടി ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞതനുസരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പഴയകാല സഖാവിന് രക്തം നല്‍കാന്‍ കൃഷ്ണകുമാര്‍ എത്തുന്നതോടെ സിനിമയുടെ ഗതി തന്നെ മാറുകയാണ്.

പണ്ട് പൊലീസ് മുറ പ്രയോഗിച്ച പൊലീസുദ്യോഗസ്ഥന്‍ തന്നെ പഴയ ആ കമ്യൂണിസ്റ്റിന്റെ ജീവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് കണ്ടതോടെ കൃഷ്ണകുമാറിലും മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. പിന്നീട് ചോര തുടിക്കുന്ന പഴയ പോരാട്ടകഥകള്‍ കൂടി കേട്ടതോടെ ആരാധന ആവേശമായി മാറി

അവസരവാദിയും അഴിമതിക്കാരനുമായ വിദ്യാര്‍ത്ഥി സഖാവിനെ നല്ലൊരു സഖാവാക്കി മാറ്റുന്നതോടെയാണ് സിനിമ പൂര്‍ണ്ണമാകുന്നത്.

നാഷണല്‍ അവാര്‍ഡ് ജേതാവും മുന്‍ എസ് എഫ് ഐ നേതാവുമായ സിദ്ധാര്‍ഥ് ശിവയാണ് സഖാവിന്റെ സംവിധായകന്‍. നായിക പ്രമുഖ തമിഴ് താരം ഐശ്വര്യ രാജേഷാണ്.

ചുവപ്പിന്റെ കഥ പറഞ്ഞ ഒരു മെക്‌സിക്കന്‍ അപാരതക്ക് ശേഷം പുറത്തിറങ്ങിയ ‘സഖാവിനെ ‘ സഖാക്കള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

വിവരണം : അമൃത അശോക്‌

Top