ഗുസ്തി താരം സുശീല്‍ കുമാറിനെ തൂക്കിലേറ്റണമെന്ന് സാഗറിന്റെ രക്ഷിതാക്കള്‍

ദില്ലി: ഗുസ്തി താരം സാഗര്‍ കുമാറിനെ കൊന്ന കേസില്‍ അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ തൂക്കിലേറ്റണമെന്ന് സാഗറിന്റെ മാതാപിതാക്കള്‍. സുശീല്‍ കുമാറിന്റെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ഇയാള്‍ അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്ന ആശങ്കയും മാതാപിതാക്കള്‍ പങ്കുവച്ചു.

സുശീല്‍ കുമാര്‍ നേടിയ മെഡലുകളെല്ലാം തിരിച്ചെടുക്കണമെന്നും അയാളെ മാര്‍ഗദര്‍ശി എന്ന് വിളിക്കാനാവില്ലെന്നും സാഗറിന്റെ രക്ഷിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നാണ് സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.

സംഭവത്തിനു ശേഷം ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരത്തെ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ പഞ്ചാബില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

 

Top