Sagar Nidhi to start deep sea search for debris of AN 32

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിനായി അത്യന്താധുനിക സംവിധാനങ്ങളുള്ള സാഗര്‍ നിധി കപ്പല്‍ ആഴക്കടല്‍ നിരീക്ഷണം തുടങ്ങി. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ (നിയോട്ട്) ആഴക്കടല്‍ പര്യവേക്ഷണ കപ്പലാണ് സാഗര്‍ നിധി. ആഴക്കടല്‍ തിരച്ചിലിന് സഹായിക്കുന്ന മള്‍ട്ടിബീം എക്കോസൗണ്ടര്‍ ശബ്ദതരംഗങ്ങള്‍ അയച്ച് കടലിന്റെ ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ സാഗര്‍ നിധിയില്‍ സംവിധാനമുണ്ട്.

മൊറീഷ്യസില്‍നിന്ന് ഞായറാഴ്ച ചെന്നൈ തീരത്ത് അടുത്ത കപ്പല്‍ തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി. വിമാനം അപ്രത്യക്ഷമാകുന്നതിനുമുമ്പ് പറക്കാന്‍ സാധ്യതയുള്ള ചെന്നൈയില്‍നിന്ന് 220 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് സാഗര്‍ നിധിയുടെ ആഴക്കടല്‍ തിരച്ചില്‍ കേന്ദ്രീകരിക്കും. അതേസമയം, മറ്റ് മുങ്ങിക്കപ്പലുകളുടെ തിരച്ചില്‍ തുടരുന്നുണ്ട്. ഇനി സാഗര്‍ നിധിയിലാണ് പ്രതീക്ഷ. അന്വേഷണത്തില്‍ എന്തെങ്കിലും പ്രയോജനം ലഭിക്കാന്‍ സാധ്യതയുള്ളത് ആഴക്കടല്‍ തിരച്ചിലിലൂടെയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ചയോടെ ഉപരിതല തിരച്ചില്‍ സേന അവസാനിപ്പിച്ചിരുന്നു. 18 യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്ടറുകളും അണിനിരന്ന രണ്ടാഴ്ച നീണ്ട യുദ്ധകാലാടിസ്ഥാനത്തിലുള്ള അന്വേഷണത്തില്‍ തെളിവുകള്‍ കിട്ടാതെവന്നതോടാണ് ഇവ തിരിച്ചുവിളിച്ചത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. സമുദ്രാന്തര്‍ ഭാഗങ്ങളിലേക്ക് തരംഗങ്ങള്‍ കടത്തിവിട്ട് അന്വേഷണ രക്ഷാദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഐ.എസ്.ആര്‍.ഒയുടെ ‘സര്‍സാറ്റ്’ ഉപഗ്രഹത്തിന്റെ നിരീക്ഷണമാണ് തുടരുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരം അമേരിക്കന്‍ ഉപഗ്രഹങ്ങളുടെ സേവനവും ലഭിക്കുന്നുണ്ട്.

ഇതിനിടെ, ആദിവാസി വിഭാഗങ്ങളിലെ ചിലരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആന്ധ്രപ്രദേശിലെ വിശാഖപട്ടണം വനപ്രദേശങ്ങളില്‍ നടന്ന അന്വേഷണത്തില്‍ ഒന്നും കണ്ടത്തൊനായില്ല. ഇവിടെ വിമാനം തകര്‍ന്നുവീഴുന്നത് കണ്ടതായി ചിലര്‍ അവകാശപ്പെട്ടിരുന്നു. 18 ദിവസമായി തുടരുന്ന തിരച്ചിലില്‍ തെളിവുകളൊന്നും ലഭിക്കാത്തത് സേനയില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.

ചെന്നൈ താംബരത്തുനിന്ന് പോര്‍ട്ട്ബ്‌ളയറിയേക്ക് സൈനിക ആവശ്യത്തിന് പറക്കുന്നതിനിടെ കാണാതായ എ.എന്‍ 32 റഷ്യന്‍ നിര്‍മിത വിമാനത്തില്‍ 29 പേരില്‍ രണ്ടു മലയാളികളുമുണ്ട്. ജൂലൈ 22ന് രാവിലെ 8.46ഓടെയാണ് ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ വിമാനം അപ്രത്യക്ഷമാകുന്നത്.

Top