സാഫ് കപ്പ്; കുവൈത്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില

ബെംഗളൂരു : സാഫ് കപ്പ് ഫുട്ബോളിൽ കുവൈത്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില(1–1). നിശ്ചിത സമയത്ത് ഒരു ഗോളിന് മുന്നിൽ നിന്ന് ഇന്ത്യ ഇൻജുറി ടൈമിൽ വഴങ്ങിയ സെൽ‌ഫ് ഗോളാണ് സമനിലയിലെത്തിച്ചത്. 47ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് ഗോൾ നേടി ഇന്ത്യയെ മുന്നിലെത്തിച്ചത്. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ ഛേത്രിക്ക് 92 ഗോളുകളായി. എന്നാൽ ഇൻജുറി ടൈമിൽ അൻവർ് ലി സെൽഫ് ഗോൾ നേടിയതോടെ കുവൈത്ത് സമനില പിടിച്ചു.

മത്സരം സമനിലയിൽ അവസാനിച്ചതോടെ കുവൈത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി സെമി ഫൈനലിൽ കടന്നു. ഇന്ത്യ രണ്ടാം സ്ഥാനത്തായി. ഇരു ടീമുകള്‍ക്കും മൂന്ന് മത്സരങ്ങളില്‍നിന്ന് ഏഴു പോയന്റ് വീതമാണ്. എന്നാൽ ഇന്ത്യയേക്കാൾ കൂടുതല്‍ ഗോള്‍ നേടിയതോടെ കുവൈത്ത് ഗ്രൂപ്പ് ചാംപ്യന്മാരായി. ഇന്ത്യ ഏഴും കുവൈത്ത് എട്ടും ഗോളുകൾ വീതമാണ് നേടിയത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമിയിൽ പ്രവേശിച്ചേനെ. ഇരുടീമും സെമി ഉറപ്പാക്കിയതിനാൽ ഗ്രൂപ്പിലെ സ്ഥാന നിർണയത്തിൽ മാത്രം പ്രസക്തിയുള്ളതായിരുന്നു ഇന്നത്തെ മത്സരം.

Top