സാഫ് കപ്പ്; മാലി ദ്വീപിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

മാലി: സാഫ് കപ്പില്‍ മാലി ദ്വീപിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. മന്‍വീര്‍ സിങ്ങാണ് മൂന്നാം ഗോള്‍ നേടിയത്. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായി മുന്നേറിയ ഇന്ത്യക്ക് ഫൈനലില്‍ നേപ്പാളാണ് എതിരാളി.

അതേസമയം ഇരട്ട ഗോള്‍ നേട്ടത്തോടെ പുത്തന്‍ നേട്ടവും ഛേത്രി തന്റെ പേരില്‍ കുറിച്ചു. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ സാക്ഷാല്‍ പെലെയെ മറികടന്ന് ഛേത്രി ആറാം സ്ഥാനത്തെത്തി. 123 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളാണ് ഛേത്രി സ്വന്തമാക്കിയത്. പെലെക്ക് 77 ഗോളുകളാണ് ഉള്ളത്.

ഒപ്പം 78 ഗോളുകള്‍ വീതമുള്ള ഇറാഖിന്റെ ഹുസൈന്‍ സയീദ്, യു.എ.ഇയുടെ അലി മബ്ഖൗത്ത് എന്നിവരെയും ഛേത്രി മറികടന്നു. ഇനി ലയണല്‍ മെസിയാണ് ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. 155 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് മെസിക്കുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മെസി ഛേത്രിയെക്കാള്‍ പിന്നിലാണ്.

 

 

Top