ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്രക്കാര്‍ക്കുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. പുറങ്കടലില്‍ കപ്പലുകളിലേക്കു യാത്രക്കാര്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.ആന്ത്രോത്ത് ദ്വീപിനുസമീപം പുറങ്കടലില്‍ നിര്‍ത്തിയിട്ട കപ്പലിലേക്കു കയറുന്നതിനിടെ തിരയില്‍പ്പെട്ടിളകിയ ബോട്ടില്‍നിന്നു യാത്രക്കാരന്‍ കടലില്‍ തെറിച്ചുവീഴുന്ന ദൃശ്യം വെള്ളിയാഴ്ച ‘മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. കില്‍ത്താന്‍ ദ്വീപ് സ്വദേശി പിട്ടിയപുറം മുഹമ്മദ് ഇര്‍ഫാന്‍, എംവി കവരത്തി കപ്പലിലെ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണു അധികൃതരുടെ കണ്ണു തുറപ്പിച്ചത്.

ബോട്ടില്‍ യാത്ര ചെയ്യുമ്പോഴും കയറുമ്പോഴും ഇറങ്ങുമ്പോഴും ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കി. ഇതു ലംഘിക്കുന്ന ബോട്ടുകളെ വിലക്കുപട്ടികയില്‍പെടുത്തും. യാത്രക്കാരെ എത്തിക്കുന്ന ബോട്ടുകളുടെയും നാടന്‍വള്ളങ്ങളുടെയും യോഗ്യത പ്രാദേശികസമിതി സാക്ഷ്യപ്പെടുത്തണം. ലൈസന്‍സ് ഉറപ്പുവരുത്തണം. ബോട്ടുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാലും നടപടിയുണ്ടാകും.

Top