sadiquali thangal with Baba Ramdev and Sri Sri Ravishankar

മലപ്പുറം: ആര്‍.എസ്.എസ് യോഗാചാര്യനായ ബാബാ രാംദേവിനൊപ്പം കോഴിക്കോട്ട് സോമയാഗവേദി പങ്കിട്ട വിവാദത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുവേണ്ടി ശക്തമായി നിലകൊള്ളുന്ന ശ്രീശ്രീ രവിശങ്കറിന്റെ സാംസ്‌ക്കാരിക ഉത്സവത്തിലും പങ്കെടുത്ത് പുലിവാലു പിടിച്ച് മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍.

കേന്ദ്രസര്‍ക്കാരിന്റെ തീവ്ര ഹിന്ദുത്വത്തിനും അസഹിഷ്ണുതക്കുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് സംഘപരിവാറിനെ തുണക്കുന്നവരുടെ വേദിയില്‍ പിന്തുണയുമായി പാണക്കാട് കുടുംബത്തില്‍ നിന്നുള്ള സാദിഖലി തങ്ങളെത്തിയത്.

നിലവില്‍ മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായ സാദിഖലി ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ സഹോദരനുമാണ്. 2014 ഫെബ്രുവരിയില്‍ കോഴിക്കോട് കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയ സാമയാഗവേദിയിലാണ് വിവാദ യോഗാചാര്യന്‍ ബാബാ രാംദേവുമായി ഹൈദരലി തങ്ങള്‍ വേദി പങ്കിട്ടത്.

ramdev

എം.പി വീരേന്ദ്രകുമാറും രാഷ്ട്രീയ നേതാക്കളും ബഹിഷ്‌ക്കരിച്ച പരിപാടിയിലാണ് തങ്ങള്‍ പങ്കെടുത്തത്. വേദിയില്‍വെച്ച് സാദിഖലി തങ്ങളെ കെട്ടിപ്പിടിച്ച രാംദേവ് ഹരിദ്വാറിലേക്ക് ക്ഷണിക്കുകയും ചെയ്തു. സാദിഖലി തങ്ങളുടെ നടപടി അന്ന് ലീഗിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇതിനുപിന്നാലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടക്കം പ്രമുഖ ലോകനേതക്കളും ബഹിഷ്‌ക്കരിച്ച ശ്രീശ്രീ രവിശങ്കറിന്റെ സാംസ്‌കാരിക ഉത്സവത്തില്‍ പങ്കെുത്താണ് അദ്ദേഹം ഇപ്പോള്‍ പുതിയ വിവാദത്തിന് തിരിതെളിച്ചിരിക്കുന്നത്. യമുനാതീരത്ത് അനുമതിയില്ലാതെ പരിപാടി നടത്തിയതിന് ദേശീയ ഹരിത ട്രബ്യൂണല്‍ രവിശങ്കറിന് 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതു വിവാദമായതോടെയാണ് രാഷ്ട്രപതി അടക്കമുള്ള പല പ്രമുഖരും വിട്ടു നിന്നത്.

ബി.ജെ.പിയും-ആര്‍.എസ്.എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് രാംദേവും രവിശങ്കറും. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി നില്‍ക്കെ സാദിഖലി തങ്ങളുടെ നടപടി പ്രതിരോധത്തിലാക്കുന്നത് ലീഗിനെയാണ്. വെല്‍ഫെയര്‍പാര്‍ട്ടി, എസ്.ഡി.പി.ഐ, ഐ.എന്‍.എല്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഇത് പ്രചരണ ആയുധവുമാക്കി കഴിഞ്ഞു. ഇടതുപക്ഷവും മലപ്പുറത്ത് സാദിഖലി തങ്ങളുടെ ആര്‍.എസ്.എസ് പ്രീണനം ആയുധമാക്കാനൊരുങ്ങുകയാണ്.

Top